അഭിരാമിനെ വിളിച്ചുവരുത്തിയത് ആനന്ദയുടെ ഫോണിൽ നിന്ന്; പ്രതി ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ
ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ (17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്നും തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചെന്നുമാണ് പൊലീസിന്റെ സംശയം.
ഉമർ മുഫ്തറിനെ ചോദ്യം ചെയ്തതിനിടെയാണ് കേസിൽ മറ്റൊരാൾക്കു കൂടി പങ്കുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുവച്ച് സഹായം തേടി ഉമർ മറ്റൊരു സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അഭിരാമിനെ ക്രൂരമായി മർദിച്ച ശേഷമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തലയിലും കഴുത്തിലും കണ്ണിലും നെഞ്ചിലും പരുക്കേറ്റതിന്റെ പാടുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മർദനത്തിനു പിന്നാലെ കൈകളും ബെൽറ്റും ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ടാണ് ശ്രീകാര്യം പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ എം.ഡി. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാം പ്രതി ഉമർ മുഫ്തറും മൂന്നാം പ്രതി ആനന്ദയും റിമാൻഡിലാണ്.
ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയത്. കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് കമ്മീഷണർ വ്യക്തമാക്കി.
What's Your Reaction?