'യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവർത്തനം ' :പ്രതിപക്ഷ നേതാവ്
നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ (Mofia Parveen) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍
നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ (Mofia Parveen) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ (Remand Report) പരമാര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിന്റെ നടപടി ബി.ജെ.പി സര്‍ക്കാരുകളുടെ അതേ മാതൃകയിലാണ്.
സമരത്തില്‍ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ അവരില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ ആര്‍.എസ്.എസ് സെല്‍ ഉണ്ടെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്.
ഗാര്‍ഹിക പീഡനവും പോലീസിന്റെ നിസംഗതയും കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിതേടി സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് കേവലമായ രാഷ്ട്രീയ പകപോക്കലായി കാണാന്‍ കഴിയില്ല. ആലുവ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ സി.പിഎമ്മും പോലീസും നടത്തുന്ന ശ്രമം അപലപനീയമാണ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
അതേ സമയം പോലീസ് നടപടിയിൽ പ്രതിഷേധവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് (Anwar Sadath MLA) രംഗത്ത് എത്തി. റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.
ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദ ബന്ധം റിമാൻഡ് റിപ്പോർട്ടിൽ വന്നത് ഗവൺമെന്റിന്റെ അറിവോടുകൂടിയാണോയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു.
SP യെ ഫോണിൽ വിളിച്ച് അൻവർ സാദത്ത് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മോഫിയ പർവീനും കുടുംബത്തിനും നീതി ലഭിക്കാൻ വേണ്ടി പോരാടിയ കോൺഗ്രസ് പ്രവർത്തകർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല, കോൺഗ്രസ് പ്രവർത്തനം നടത്തുന്നവരാണെന്നും പോലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം അങ്ങേയറ്റം ഗുരുതരവും അപമാനകാരവുമാണെന്നും എംഎൽഎ പറഞ്ഞു
പിണറായിയുടെ പോലീസ് യോഗി പൊലീസിന് പഠിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു
What's Your Reaction?