'സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്': പ്രതിപക്ഷ നേതാവ്

''സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സിലറാക്കുന്നതാണ് നല്ലത്.''

Dec 11, 2021 - 18:31
 0
'സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്': പ്രതിപക്ഷ നേതാവ്

ചാൻസിലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ (Kerala Governor Arif Mohammad Khan) മുഖ്യമന്ത്രിക്ക് അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി സി മാരുടെ നിയമനങ്ങളിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനം മടുത്താണ് ചാൻസിലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്. ഒരു ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്ത് നൽകേണ്ടിവന്നത് നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സിലറാക്കുന്നതാണ് നല്ലത്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടർന്ന മുഖ്യമന്തിക്ക് ഇപ്പോൾ എന്ത് പറയാനുണ്ട്? ഗവർണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാൻ പൊതു സമൂഹത്തിന് താത്പര്യമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

യോഗ്യതയില്ലാത്ത നിയമനങ്ങൾ വഴി സർവകലാശാലകളുടെ അക്കാദമിക രംഗം പൂർണമായും തകർന്നു. സർവകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂർണ നിയന്ത്രണത്തിലാക്കി. പാർട്ടി നിയമനങ്ങൾ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സർവകലാ ശാലകൾ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെയാണെന്നും സതീശൻ വ്യക്തമാക്കി.

കേരളത്തിലെ സർവകലാശാലകളിൽ (Universities in kerala) രാഷ്ട്രീയ അതിപ്രസരമെന്ന് വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഗവർണർ പൊട്ടിത്തെറിച്ചു. സർവകലാശാലകളിൽ ഇഷ്ടക്കാരുടെ നിയമനമാണ് നടക്കുന്നത്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് രാജ്യം വിടേണ്ട സാഹചര്യമാണ്. ചാൻസലർ പദവി ഭരണഘടന പദവിയല്ല. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം. സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണം. ഓർഡിനൻസ് ഒപ്പു വെയ്ക്കാൻ തയ്യാറാണെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
 

നേരത്തെ കണ്ണൂർ സർവകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വി സി നിയമനത്തിൽ തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും നിലവിലുള്ള വി സിക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നുവെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി.

പുനർനിയമനമെന്നാൽ നിലവിലുള്ളയാൾക്ക് കാലാവധി നീട്ടിക്കൊടുക്കലല്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. തന്നോട് സംസാരിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച നിയമോപദേഷ്ടാവിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നല്ല പുനർനിയമനത്തിന്റെ അർഥം. എന്നാൽ, അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായമനുസരിച്ചാണ് പുനർനിയമനം ആവശ്യപ്പെടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നിലവിലുള്ള വി സിക്ക് ഇതേരീതിയിൽ പുനർനിയമനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടാൻ താത്പര്യമില്ലായിരുന്നതിനാലും വിവാദം ഒഴിവാക്കാനുമാണ് നിയമന ഉത്തരവിൽ ഒപ്പിട്ടതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തിനായി കഴിയുന്നത്ര ശ്രമിച്ചിരുന്നതായും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow