ആരാധനാലയങ്ങളിലും കൂടിച്ചേരലുകള്‍ പാടില്ല; കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം

കേരളത്തില്‍ ഇന്ന് മുതല്‍ ജനുവരി രണ്ട് വരെയുള്ള രാത്രികാല നിയന്ത്രണം (Night Curfew Kerala)ആരാധനാലയങ്ങള്‍ക്കും ബാധകം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Dec 30, 2021 - 15:53
 0

കേരളത്തില്‍ ഇന്ന് മുതല്‍ ജനുവരി രണ്ട് വരെയുള്ള രാത്രികാല നിയന്ത്രണം (Night Curfew Kerala)ആരാധനാലയങ്ങള്‍ക്കും ബാധകം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മുതല്‍ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം.

രാത്രികാല നിയന്ത്രണത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മത-സാമുദായിക രാഷ്ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.

നിലവിലെ കോവിഡ് (Covid 19) സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ (Night Curfew) ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ് .

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതൽ പോലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി വിന്യസിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow