ശസ്ത്രക്രിയക്ക് പിന്നാലെ വനിതാ ഫുട്‌ബോള്‍ താരത്തിന്റെ മരണം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വലതുകാൽ മുറിച്ചുമാറ്റിയ 18 വയസുകാരിയായ ഫുട്ബോൾ താരം മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
സര്‍ക്കാര്‍ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വലതുകാൽ മുറിച്ചുമാറ്റിയ 18 വയസുകാരിയായ ഫുട്ബോൾ താരം മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രമണ്യന്‍ അറിയിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംസ്ഥാന ഫുട്ബോൾ ടീം അംഗവും ക്യൂൻസ് മേരി കോളജ് വിദ്യാർത്ഥിനിയുമായ പ്രിയ (17) മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നാണ് കർശന നടപടിയുണ്ടായത്. കാലിലെ വേദനയെത്തുടർന്നാണ് പ്രിയ ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ലിഗമെന്റിന് തകരാർ കണ്ടെത്തി. ഈ മാസം ഏഴിന് പെരിയാർ നഗറിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ബാൻഡേജ് ഇട്ടു. എന്നാൽ ബാൻഡേജിൽ നിന്നുള്ള സമ്മർദത്തെ തുടർന്നു കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചതോടെ ആരോഗ്യനില വഷളായി. പിറ്റേന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റിയെങ്കിലും വൃക്കകളുടെ പ്രവർത്തനം തകരാറിലായി അന്ത്യം സംഭവിക്കുകയായിരുന്നു.
ഫുട്‌ബോള്‍ താരമായിരുന്ന പ്രിയ ശസ്ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കാലുകള്‍ക്ക് വേദനയുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും ഡോക്ടര്‍മാര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്ന് പ്രിയയുടെ സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിനിടെ, മരണത്തിന് തലേന്ന് പ്രിയ വാട്ട്‌സാപ്പിലിട്ട സ്റ്റാറ്റസ് ഇന്റർനെറ്റിൽ വൈറലാവുകയാണ്. ഉടൻ സുഖം പ്രാപിക്കുമെന്നും പ്രിയപ്പെട്ടവർ വിഷമിക്കേണ്ടെന്നും മാസായി തിരിച്ചുവരുമെന്നും പ്രിയ കുറിച്ചിരുന്നു. എന്റെ കളി എന്നെ വിട്ടു പോകില്ല. ഞാൻ വരുന്നത് വരെ നിങ്ങൾ കാത്തിരിക്കൂ എന്ന് ആത്മവിശ്വാസത്തോടെയാണ് പ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്.
What's Your Reaction?