ബുള്ളറ്റ് ട്രെയിനും എയിംസും; മോദി ഗുജറാത്തിന് ചോദിച്ചതെല്ലാം നൽകി; വികസനനേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളാണ് മോദി നടത്തുന്നത്. നർമദ യോജനയിലെ സർദാർ സരോവർ ഡാമിന്റെ ഗേറ്റുകൾ അടയ്ക്കാൻ മോദി അനുമതി നൽകിയത് ഗുജറാത്തിന്റെ വികസനത്തിന് വലിയ സംഭാവനയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു

May 27, 2022 - 23:27
 0
ബുള്ളറ്റ് ട്രെയിനും എയിംസും; മോദി ഗുജറാത്തിന് ചോദിച്ചതെല്ലാം നൽകി; വികസനനേട്ടങ്ങൾ നിരത്തി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ

പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുമ്പോൾ നരേന്ദ്ര മോദി (Narendra Modi) ഗുജറാത്തിന് (Gujarat) നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (Bhupendra Patel). 2001 മുതൽ 2014 വരെ നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അന്ന് തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും പട്ടേൽ പറഞ്ഞു. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവർത്തനങ്ങളാണ് മോദി നടത്തുന്നത്. നർമദ യോജനയിലെ സർദാർ സരോവർ ഡാമിന്റെ ഗേറ്റുകൾ അടയ്ക്കാൻ മോദി അനുമതി നൽകിയത് ഗുജറാത്തിന്റെ വികസനത്തിന് വലിയ സംഭാവനയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർദാർ സരോവർ ഡാമിന്റെ ഗേറ്റുകൾ അടക്കുകയെന്നത് ഗുജറാത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഇതിന് അനുമതി നൽകിയത് മോദിയാണ്. ഇത് സംസ്ഥാനത്തിന് പുതുജീവൻ പകരുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷം ഒരു പ്രത്യേക കമ്മിറ്റി മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ഇത് മൂലമുള്ള പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു. കമ്മിറ്റിയുടെ കൂടെ അനുമതിയോടെ 2017 ജൂൺ 16ന് ഗേറ്റ് എന്നെന്നേക്കുമായി അടച്ചു. ഇതോടെ ഡാമിൽ നേരത്തെ ഉള്ളതിനേക്കാൾ 3.75 ഇരട്ടി വെള്ളം സംഭരിക്കാൻ സാധിച്ചു. 4.37 ക്യൂബിക് മീറ്റർ വെള്ളം ഇപ്പോൾ ഡാമിൽ സംഭരിക്കുന്നുണ്ട്.

ക്രൂഡ് ഓയിലിന് റോയൽറ്റി ലഭിച്ചു

പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത് അധികം വൈകാതെ തന്നെ 2015ൽ ഗുജറാത്തിന് ക്രൂഡ് ഓയിൽ റോയൽറ്റി ഇനത്തിൽ നൽകാനുള്ള തുകയും മോദി അനുവദിച്ചു. 763 കോടി രൂപയാണ് സംസ്ഥാന സർക്കാരിന് അനുവദിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരുന്ന പ്രശ്നത്തിനാണ് മോദി പരിഹാരം കണ്ടത്.

രാജ്കോട്ടിൽ എയിംസ്

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പോലുള്ള ഒരു മെഡിക്കൽ സ്ഥാപനം വേണമെന്നതും സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനയായി രാജ്കോട്ടിൽ എയിംസ് അനുവദിച്ചതും മോദി പ്രധാനമന്ത്രിയായ കാലത്ത് തന്നെയാണ്. 2020 ഡിസംബറിൽ ഗുജറാത്തിലെ എയിംസിന് തറക്കല്ലിട്ടതും മോദി തന്നെയാണ്.

ഗുജറാത്തിൽ ലൈറ്റ് ഹൗസ് പദ്ധതി

അർബൻ അഫയേഴ്സ് മന്ത്രാലയത്തിന് കീഴിൽ നടപ്പിലാക്കുന്ന ലൈറ്റ് ഹൗസ് പദ്ധതി വഴിയും ഗുജറാത്തിന് വലിയ നേട്ടമുണ്ടായി. ഓരോ പ്രദേശത്തെ പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥയുമെല്ലാം പരിഗണിച്ച് ഉറപ്പുള്ള വീടുകൾ നിർമിച്ച് നൽകുന്നതിനാണ് കേന്ദ്ര സർക്കാർ ലൈറ്റ് ഹൗസ് പദ്ധതി തുടങ്ങിയത്. ത്രിപുര, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് നിലവിൽ പദ്ധതി നടപ്പിലാക്കുന്നത്. ഭൂചലനം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് രക്ഷ നേടാൻ പറ്റുന്ന തരത്തിലുള്ള വീടുകളാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്നത്. 1144 വീടുകളാണ് ഈ പദ്ധതിയിൽ ഗുജറാത്തിൽ നിർമ്മിച്ചത്.

 

ബുള്ളറ്റ് ട്രെയിൻ

ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനാണ് മോദി ഗുജറാത്തിന് നൽകിയ മറ്റൊരു സമ്മാനം. ഇന്ത്യയിലെ രണ്ട് പ്രധാന വ്യവസായ കേന്ദ്രങ്ങളായ അഹമ്മദാബാദിനെയും മുംബൈയെയും ബന്ധിപ്പിച്ച് കൊണ്ടാണ് ഈ റെയിൽവേ ഇടനാഴിക്ക് രൂപം നൽകിയിരിക്കുന്നത്. മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സാന്നിധ്യത്തിൽ 2017ലാണ് മോദി പദ്ധതിക്ക് തറക്കല്ലിട്ടത്. ഈ പദ്ധതിക്ക് വേണ്ടി 98 ശതമാനം സ്ഥലമെടുപ്പ് ജോലികളും സംസ്ഥാനത്ത് പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.

ഏകതാ പ്രതിമ സന്ദർശകർക്ക് തീവണ്ടി

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകതാ പ്രതിമ (Statue Of Unity) ഗുജറാത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. 182 മീറ്റർ ഉയരത്തിലുള്ള ഈ പ്രതിമ കാണാൻ ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്ന് സഞ്ചാരികളെത്തുന്നുണ്ട്. പ്രതിമ കാണാനെത്തുന്നവർക്കായി 2021 ജനുവരിയിലാണ് കേവാദിയ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ റൂട്ടിലൂടെ നിലവിൽ എട്ട് തീവണ്ടികൾ ഓടുന്നുണ്ട്.
 

യൂണിവേഴ്സിറ്റികൾക്ക് ദേശീയ പദവി

ഗുജറാത്തിലെ രണ്ട് യൂണിവേഴ്സിറ്റികളെ നരേന്ദ്ര മോദി സർക്കാർ കേന്ദ്ര യൂണിവേഴ്സിറ്റികളായി പ്രഖ്യാപിച്ചു. ഗുജറാത്ത് ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി, രക്ഷാ ശക്തി യൂണിവേഴ്സിറ്റി (ഇപ്പോൾ രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി) എന്നിവയ്ക്കാണ് കേന്ദ്ര യൂണിവേഴ്സിറ്റി പദവി ലഭിച്ചത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഈ രണ്ട് യൂണിവേഴ്സിറ്റികളും തുടങ്ങിയത്. ഇത് കൂടാതെ ജാംനഗറിലുള്ള ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റിയെയും 2020ൽ ദേശീയ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി

വ്യത്യസ്ത മേഖലകളിൽ മികച്ച വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി 2018ലെ അധ്യാപക ദിനത്തിലാണ് നരേന്ദ്ര മോദി രാജ്യത്തിലെ ആദ്യ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് വഡോദരയിൽ ഉദ്ഘാടനം ചെയ്തത്. ട്രാൻസ്പോർട്ട് മാനേജ്മെന്റ് ടെക്നോളജിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ അടക്കം നിരവധി വിഷയങ്ങളിൽ ബിരുദ കോഴ്സുകളാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിലുള്ളത്.

പാരമ്പര്യ വൈദ്യത്തിൻെറ ആഗോളകേന്ദ്രം

കഴിഞ്ഞ മാസമാണ് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രെഡീഷണൽ മെഡിസിന് മോദി ജാം നഗറിൽ തറക്കല്ലിട്ടത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

ഗ്രീൻ എയർപോർട്ട്

രാജ്കോട്ടിലെ ഗ്രീൻഫീൽഡ് എയർപോർട്ടിനെ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള പദ്ധതിക്കും മോദി തുടക്കമിട്ടിട്ടുണ്ട്. അഹമ്മദാബാദ് – രാജ്കോട്ട് ദേശീയ പാതയിൽ 1000 ഹെക്ടറിൽ 1405 കോടി രൂപ ചെലവാക്കിയാണ് വിമാനത്താവളം പണിതത്. ഗുജറാത്തിലെ നാലാമത്തെ വലിയ നഗരമായ രാജ്കോട്ട് നിരവധി വ്യവസായ കേന്ദ്രങ്ങളുള്ള ഇടമാണ്.

ലോകനേതാക്കൾ ഗുജറാത്തിൽ

ലോകനേതാക്കളെ സ്വീകരിക്കുന്ന കാര്യത്തിൽ ഡൽഹിക്കൊപ്പം മറ്റ് സംസ്ഥാനങ്ങളെയും പരിഗണിക്കുന്ന രീതി നരേന്ദ്രമോദിയുടെ കാലത്താണ് തുടങ്ങിയത്. ഇക്കാര്യത്തിൽ ഗുജറാത്തിന് എപ്പോഴും പ്രധാന പരിഗണന തന്നെ ലഭിച്ചിട്ടുണ്ടെന്നും പട്ടേൽ വ്യക്തമാക്കി. സെപ്തംബർ 2014ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഗുജറാത്ത് സന്ദർശിച്ചിരുന്നു. സബർമതി റിവർഫ്രണ്ടിൽ മോദിക്കൊപ്പം ഇരുന്ന് നയതന്ത്ര ചർച്ചകളും നടത്തി.

2017 സെപ്തംബറിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അഹമ്മദാബാദിലെത്തി. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടത് ആബെയുടെ സാന്നിധ്യത്തിലാണ്. 2018ൽ മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ മോദിക്കൊപ്പം അഹമ്മദാബാദിലും എത്തിയിരുന്നു. 2020ൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാജകീയ വരവേൽപ്പാണ് നൽകിയത്. 2022 ഏപ്രിലിൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഗുജറാത്ത് സന്ദർശിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗുജറാത്ത് സന്ദർശിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രധാനമന്ത്രിയാണ് ജോൺസൺ.

What's Your Reaction?

like

dislike

love

funny

angry

sad

wow