തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിയോട് സ്റ്റാലിൻ

ഹിന്ദി (Hindi)ഭാഷയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടയിൽ തമിഴ് (Tamil) ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് (PM Narendra Modi) ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M K Stalin).

May 27, 2022 - 23:16
 0

ഹിന്ദി (Hindi)ഭാഷയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടയിൽ തമിഴ് (Tamil) ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് (PM Narendra Modi) ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M K Stalin). കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും മദ്രാസ് ഹൈക്കോടതിയിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിനിടയിലാണ് അദ്ദേഹത്തെ വേദിയിലിരുത്തി തമിഴ്നാട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തുന്ന ആദ്യ സർക്കാർ ചടങ്ങാണിതെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം നന്ദിയും രേഖപ്പെടുത്തുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

ചടങ്ങിൽ ഗവർണർ ആർഎൻ രവി, കേന്ദ്ര മന്ത്രി എൽ മുരുഗൻ എന്നിവരും പങ്കെടുത്തു. 2,960 കോടിയുടെ അഞ്ച് പദ്ധതികളാണ് ചെന്നൈയിൽ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചത്.

തമിഴ്നാടിന്റെ വളർച്ച അതുല്യമാണെന്നും അത് സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മാത്രമുള്ളതല്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന 'ദ്രാവിഡ മാതൃക' അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രധാമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ സംസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളിൽ തമിഴ്നാട് മുന്നിലാണ്. ഇന്ത്യയുടെ വികസനത്തിൽ തമിഴ്നാടിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും സ്റ്റാലിൻ പറഞ്ഞു

സാമ്പത്തിക വളർച്ച മാത്രമല്ല, സാമൂഹിക നീതി, സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയാൽ നയിക്കപ്പെടുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദ്രാവിഡ മോഡലാണ് തമിഴ്നാടിന്റെ വളർച്ചയെന്നും ഇത് അതുല്യമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

1974-ൽ ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത 163 ഏക്കർ ജനവാസമില്ലാത്ത ദ്വീപായ 'കച്ചത്തീവ്' വീണ്ടെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശവും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിൽ 115.5 ഹെക്ടർ വിസ്തീർണമുള്ള ചെറുദ്വീപാണ് കച്ചത്തീവ്. രാമേശ്വരത്തുനിന്ന് 16 കി. മീ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow