12 കിലോ കഞ്ചാവുമായി ട്രെയിനിലെ ശുചിമുറിയില്‍ യാത്ര; പരിശോധനയറിഞ്ഞ് ഇറങ്ങിയോടി; പിന്തുടര്‍ന്ന് പിടികൂടി

കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കൂടി. പണം സമ്പാദിക്കാനുള്ള വഴി തേടിയാണ് കഞ്ചാവ് വില്‍പനയ്ക്കിറങ്ങിയത്

Jan 27, 2022 - 13:01
 0

ട്രെയിനിലെ ശുചിമുറിയില്‍ കഞ്ചാവുമായി യാത്ര ചെയ്ത യുവാവ് പിടിയില്‍. ചാവക്കാട് സ്വദേശി ഖലീലുല്‍ റഹ്‌മാനെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസും പിടികൂടിയത്. പരിശോധന ഭയന്നാണ് ബാഗുമായി ശുചിമുറിയില്‍ യാത്ര ചെയ്തത്

പരിശോധനയറിഞ്ഞ് പ്ലാറ്റ്‌ഫോം വഴി ഇറങ്ങിയോടിയ ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ട്രെയിനിലെ പരിശോധന കേരളത്തില്‍ കൂടുതലാണെന്ന് മനസിലാക്കിയാണ് ബാഗുമായി ശുചിമുറിയില്‍ ഒളിച്ചത്. ട്രോളി ബാഗില്‍ ആറ് പൊതികളിലായി രണ്ടു കിലോവീതം 12 കിലോ കഞ്ചാവുമായാണ് ഖലീലുല്‍ പിടിയിലായത്.

വിദേശത്തുണ്ടായിരുന്ന ജോലി കോവിഡ് വ്യാപനത്തിനിടെ നഷ്ടമായി. നാട്ടിലെത്തിയതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെയാണ് പണം സമ്പാദിക്കാനുള്ള  വഴി തേടി കഞ്ചാവ് വില്‍പനയ്ക്കിറങ്ങിയത്. സുഹൃത്തിനൊപ്പം വിശാഖപ്പട്ടണത്ത് കഞ്ചാവ് ശേഖരിക്കാന്‍ പോയി തുടങ്ങി. ഇതുവഴി കടത്ത് വഴിയെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ടായി. തുടര്‍ന്ന് കഞ്ചാവ് ശേഖരിച്ച് ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു.

ആന്ധ്രയിലും മറ്റ് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കഞ്ചാവ് വിളവെടുപ്പിന്റെ കാലമാണ്. അയതിനാല്‍ കൂടുതല്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താനുള്ള സാധ്യത സംശയിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇടപാടുകാരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ് സംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow