തുർക്കി വോട്ടെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ല, വീണ്ടും വോട്ടെടുപ്പ് നടക്കും, കൂടുതൽ വോട്ട് എർദോഗന്
തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്റ് എർദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി കെമാൽ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടുമാണ് നേടാനായത്. മറ്റുള്ളവർക്ക് അഞ്ച് ശതമാനത്തോളം വോട്ടുകളും ലഭിച്ചു.
വിജയിക്കാൻ 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടണം എന്നിരിക്കെ ആരും കേവല ഭൂരിപക്ഷം നേടിയില്ല. ഈ പശ്ചാത്തലത്തിൽ മെയ് 28 ന് രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടക്കും. ഇതിനോടകം തന്നെ വോട്ടെണ്ണൽ പ്രക്രിയയുടെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്..
എർദോഗന് അനുകൂലമാകുന്ന രീതിയിലാണ് ഫലങ്ങൾ പുറത്തുവിടുന്നതെന്നാണ് ആരോപണം. 20 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എർദോഗനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. 2017ലാണ് പ്രധാന മന്ത്രി പദം എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായ ഭരണ സംവിധാനത്തിലേക്ക് തുർക്കി മാറിയത്.
തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ നിലവിലെ പ്രസിഡന്റ് എർദോഗന് അനുകൂലമാണ്. രണ്ടുപേർക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാനാവാത്തതിനാലാണ് മെയ് 28 ന് രണ്ടാംറൗണ്ട് വോട്ടെടുപ്പ് നടക്കുന്നത്.
What's Your Reaction?