നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമം; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന ബില്‍ പാസ്സാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ (Anti conversion bill).
നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്ന ബില്‍ പാസ്സാക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍ (Anti conversion bill). ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് (Protest) മറികടന്നാണ് ബില്‍ നിയമസഭയില്‍ (Assembly) അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്.
നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം.
സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകുമെങ്കിലും ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും.
മതപരിവര്‍ത്തന നിരോധന ബില്ലിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ വലിയ നിരാശയുണ്ടെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ക്രൈസ്തവര്‍ക്കും ദളിത്, മുസ്ലീം വിഭാഗങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് നിയമം കാരണമാകുമെന്ന് ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.
മതം മാറുന്നവര്‍ക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, അനാഥാശ്രമങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ജില്ലാ പൊലീസ് മേധാവിമാര്‍ പരിശോധന നടത്തും.
പണം, സൗജന്യ വിഭ്യാഭ്യാസം, മികച്ച ജീവിത നിലവാരം, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുള്ള മതം മാറ്റവും ശിക്ഷാപരിധിയില്‍ വരും. തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ വഞ്ചനയിലൂടെയോ സമ്മര്‍ദ്ദം ചെലുത്തുന്നതും ഈ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്.
വിവാഹത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയുള്ള മതം മാറ്റത്തിനും പത്ത് വര്‍ഷം വരെ ശിക്ഷയെന്നാണ് ബില്ലില്‍ പറയുന്നത്. നിര്‍ബന്ധിച്ചുള്ള മതം മാറ്റം ആണെന്ന് കണ്ടെത്തിയാല്‍ വിവാഹം അസാധുവാക്കും. മതം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് മാസം മുന്‍പെങ്കിലും വിവരം കളക്ടറെ രേഖാമൂലം അറിയിക്കണം. മതം മാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചാകും നിയമസാധുത. സ്വാധീനത്തിലൂടെയുള്ള മതംമാറ്റം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടിയുണ്ടാകും.
പരാതി ഉയര്‍ന്നാല്‍ മതം മാറ്റം സ്വമേധയാ ആണെന്ന് തെളിയിക്കേണ്ട മുഴുവന്‍ ഉത്തരവാദിത്തവും കുറ്റാരോപിതനാണ്. ഇല്ലെങ്കില്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ മതം മാറിയവര്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം നല്‍കണം.
ഈ ബില്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കില്ല. പൊതുവേ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പരിവര്‍ത്തനം ചെയ്തവരില്‍ സ്ത്രീയോ പട്ടികവിഭാഗത്തില്‍പ്പെട്ടവരോ പ്രായപൂര്‍ത്തിയാകാത്തവരോ ഉണ്ടെങ്കില്‍ ശിക്ഷ പത്ത് വര്‍ഷം വരെയാണ്.
ഇതിന് പുറമേ പിഴയും ഉണ്ടാവും. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ആകും പിഴ ചുമത്തുക. ഒന്നിലധികം പേരെ ഒരേസമയം മതംമാറ്റിയെന്ന് കണ്ടെത്തിയാല്‍ പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കുകയും ചെയ്യും.
What's Your Reaction?