കോഴിക്കോട് ഫ്ളാറ്റ് തട്ടിപ്പിനിരയായവർ നിരവധി; മുൻ അത്ലറ്റിനും വനിതാഡോക്ടർക്കും പണം നഷ്ടമായി

തടമ്പാട്ടുതാഴത്ത് ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് മെലോ ഫൗണ്ടേഷന്‍ എം ഡി ആര്‍ മുരളീധരന്‍ 46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മുന്‍ അത്ലറ്റും നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷഷനില്‍ ഉദ്യോഗസ്ഥയായ ജെമ്മ തോമസിന്റെ പരാതി. കായിക താരം പി ടി ഉഷയാണ് ഇടനിലക്കാരിയായി നിന്ന് മുരളീധരന് പണം നല്‍കാന്‍ നിര്‍ദേശിച്ചതെന്ന് ജെമ്മ തോമസ് പറഞ്ഞു.

Dec 23, 2021 - 20:19
 0

തടമ്പാട്ടുതാഴത്ത് ഫ്ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് മെലോ ഫൗണ്ടേഷന്‍ എം ഡി ആര്‍ മുരളീധരന്‍ 46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് മുന്‍ അത്ലറ്റും നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പറേഷഷനില്‍ ഉദ്യോഗസ്ഥയായ ജെമ്മ തോമസിന്റെ പരാതി. കായിക താരം പി ടി ഉഷയാണ് ഇടനിലക്കാരിയായി നിന്ന് മുരളീധരന് പണം നല്‍കാന്‍ നിര്‍ദേശിച്ചതെന്ന് ജെമ്മ തോമസ് പറഞ്ഞു.

മാര്‍ച്ചിലാണ് പണം നല്‍കിയത്. ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് ലഭിക്കാതെ വന്നപ്പോള്‍ ആര്‍ മുരളീധരനെയും പി ടി ഉഷയെയും പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടു. ഫലമുണ്ടായില്ലെന്ന് ജെമ്മ പറയുന്നു. ഫ്ളാറ്റില്ലെങ്കില്‍ പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങിയപ്പോള്‍ പി ടി ഉഷ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.രണ്ട് മാസം മുമ്പ് പരാതി നല്‍കിയെങ്കിലും കഴിഞ്ഞദിവസമാണ് പൊലീസ് കേസെടുത്തത്.

ആര്‍ മുരളീധരനും പി ടി ഉഷയും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇന്നലെ പിടി ഉഷയുടെയും ജെമ്മയുടെയും സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പി ടി ഉഷ തയ്യാറായില്ല. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ജെമ്മയും ഭര്‍ത്താവ് തോമസും വ്യക്തമാക്കി.

മെലോ ഗ്രൂപ്പിന്റെ സ്‌കൈവാച്ച് അപ്പാര്‍ട്ട്മെന്റില്‍ അമ്പത് ഫ്ളാറ്റുകളാണുള്ളത്. കക്കോടി സ്വദേശി പ്രജീഷ് 40 ലക്ഷയുടെ രൂപയുടെ ഫ്ളാറ്റിന് അമ്പത് ശതമാനം തുക കൈമാറി. എന്നാല്‍ ഫ്ളാറ്റ് കൈമാറുകയോ പണം തിരികെ നല്‍കാനോ തയ്യാറാവാന്‍ സ്‌കൈവാച്ചിലെ ആര്‍ മുരളീധരനോ വസീമോ തയ്യാറായില്ല. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രജീഷ് പരാതി നല്‍കി.

കോര്‍പറേഷനില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് മുരളീധരന്‍ കബളിപ്പിക്കുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു.
ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് 46 ലക്ഷം രൂപ തട്ടിയെന്ന മുന്‍ അത്ലറ്റ് താരം ജെമ്മ തോമസിന്റെ പരാതിയില്‍ ആര്‍ മുരളീധരനും ഇടനിലക്കാരിയായി നിന്ന് കായികതാരം പി ടി ഉഷ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളിലായി പരാതിയുമായി രംഗത്തുവരുമെന്ന് പ്രജീഷ് പറഞ്ഞു. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലന്ന് പ്രജീഷ് കക്കോടി പറഞ്ഞു.

കോഴിക്കോട് ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് രണ്ടര കോടിയോളം രൂപ. മെലോ ഫൗണ്ടേഷന്‍ ബില്‍ഡേഴ്സില്‍ പങ്കാളിത്തം നല്‍കാമെന്ന് വാഗദാനം ചെയ്ത നിന്ന് എംഡി ആര്‍ മുരളീധരന്‍ നാല് തവണയായാണ് രണ്ടര കോടി രൂപ തട്ടിയതെന്ന് ഡോ. ശാന്താബാലകൃഷ്ണന്‍. ഓഹരിയായി കിട്ടിയ കുടുംബസ്വത്തും സ്വര്‍ണ്ണാഭരണങ്ങളും വിറ്റാണ് മുരളീധരന് പണം നല്‍കിയത്.

ആംവെ ഉല്‍പ്പന്നങ്ങളുടെ ഡിസ്ട്രബ്യൂട്ടറായി കോഴിക്കോടെത്തിയ തമിഴ്നാട് സ്വദേശി ആര്‍ മുരളീധരനെ 20 വര്‍ഷത്തോളമായി ഡോ. ശാന്താ ബാലകൃഷ്ണന് അറിയാം. 2007ലാണ് മെലോ ഫൗണ്ടേഷന്റെ പേരില്‍ മുരളീധരന്‍ ഓഹരി പിരിക്കാന്‍ തുടങ്ങിയത്. ഡോ. ശാന്താബാലകൃഷ്ണനും സംരഭത്തില്‍ പങ്കാളിയായി. 2010ല്‍ മെലോ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് ലാഭം കിട്ടിയില്ലെന്ന് പറഞ്ഞ് മുരളീധരന്‍ കയ്യൊഴിഞ്ഞു. 2012ല്‍ സ്‌കൈവാച്ച് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാനും പലപ്പോഴായി ഡോക്ടറില്‍ നിന്ന് മുരളീധരന്‍ പണം വാങ്ങി. ലാഭവും മുതലുമൊന്നും തിരിച്ചുകിട്ടാതെ വന്നതോടെ 2015ല്‍ ഡോക്ടര്‍ ശാന്ത ബാലകൃഷ്ണന്‍ മെലോ ഫൗണ്ടേഷനില്‍ നിന്ന് പിന്‍വാങ്ങി. ഇക്കാലയളവിനിടെയാണ് രണ്ടര കോടിയോളം രൂപ ഡോക്ടര്‍ക്ക് നഷ്ടമായത്.

ഭര്‍ത്താവ് മരിച്ചതോടെ ഒറ്റക്കായ ഡോക്ടര്‍ ശാന്താ ബാലകൃഷ്ണന് കോഴിക്കോട് ബാങ്ക് റോഡില്‍ 25 വര്‍ഷത്തിലധികം പഴക്കമുള്ള ഫ്ളാറ്റ് മാത്രമാണ് സ്വന്തമായുള്ളത്. ഹരിപ്പാട് സ്വദേശി ശംഭു നമ്പൂതിരിയില്‍ നിന്ന് 49 ലക്ഷം രൂപയാണ് ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് മെലോ ഫൗണ്ടേഷന്‍ അധികൃതര്‍ കൈപ്പറ്റിയത്.

2016ല്‍ മുഴുവന്‍ തുകയും കൈമാറിയതായി ശംഭു നമ്പൂതിരി പറഞ്ഞു. കോഴിക്കോട് ഒരു ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ശംഭു 2013ലാണ് ആര്‍ മുരളീധരനുമായി ബന്ധം സ്ഥാപിക്കുന്നത്. ഇങ്ങനെയാണ് സ്‌കൈ വാച്ച് അപ്പാര്‍ട്ട്‌മെന്റില്‍ പണം നിക്ഷേപിച്ചത്. കോഴിക്കോട് സിറ്റി കമ്മീഷണര്‍ക്കും വെള്ളയില്‍ പൊലീസ് സ്റ്റേഷനിലും ശംഭു നമ്പൂതിരി പരാതി നല്‍കി. തട്ടിപ്പ് നടത്തിയിട്ടില്ലന്നും മുഴുവന്‍ പണം നല്‍കിയവര്‍ക്ക് ഫ്‌ളാറ്റ് കൈമാറുമെന്നും ആര്‍ മുരളീധരന്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow