അര്‍ധസെഞ്ച്വറിയുമായി ക്വിന്റണ്‍ ഡീ കോക്ക് (80); ഡല്‍ഹിക്കെതിരെ ആറ് വിക്കറ്റ് ജയവുമായി ലക്നൗ സൂപ്പര്‍ ജയന്റ്‌സ്
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്നൗ മറികടന്നു. ലക്‌നൗവിനായി ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്ക് അര്‍ധസെഞ്ച്വറി നേടി. 52 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 80 റണ്‍സെടുത്തു.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗ അനായാസം മുന്നേറിയെങ്കിലും അവസാന ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കാന്‍ ശ്രമിച്ചു. അവസാന ഓവറില്‍ ക്രീസിലെത്തിയ ആയുഷ് ബദോനി നേരിട്ട മൂന്ന് പന്തില്‍ നിന്ന് 10 റണ്‍സ് നേടിക്കൊണ്ട് ലക്‌നൗവിന് ജയം സമ്മാനിക്കുകയായിരുന്നു
ഡിക്കോക്കും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (25 പന്തില്‍ നിന്ന് 24 റണ്‍സ്) ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. രാഹുലും എവിന്‍ ലൂയിസും (13 പന്തില്‍ നിന്ന് 5) ഡിക്കോക്കും പുറത്തായ ശേഷം ദീപക് ഹൂഡയും ക്രുണാല്‍ പണ്ഡ്യയും ചേര്‍ന്ന് സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിനടുത്ത് വരെയെത്തിച്ചു. അവസാന ഓവറില്‍ ഹൂഡ (13 പന്തില്‍ നിന്ന് 11) പുറത്തായ ശേഷമെത്തിയ ആയുഷ് ബദോനി ഷര്‍ദുല്‍ താക്കൂറിനെ ടീമിന്റെ വിജയ റണ്‍ നേടുകയായിരുന്നു.
നേരത്തെ ഓപ്പണര്‍ പൃഥ്വി ഷാ നല്‍കിയ വെടിക്കെട്ട് തുടക്കം പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് മുതലാക്കാന്‍ സാധിക്കാതിരുന്നതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലൊതുങ്ങിയിരുന്നു.
34 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതം 61 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്ത് 39 റണ്‍സും സര്‍ഫറാസ് ഖാന്‍ 36 റണ്‍സും നേടി പുറത്താകാതെ നിന്നു. ലക്നൗവിനായി രവി ബിഷ്നോയ് രണ്ടും കൃഷ്ണപ്പ ഗൗതം ഒരു വിക്കറ്റും വീഴ്ത്തി.
What's Your Reaction?