ഇന്ത്യയുടെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം
ഇന്ത്യയുടെ വനിതാ-പുരുഷ താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ചരിത്രപരമായ ഈ തീരുമാനം അറിയിച്ചത്.
ഇന്ത്യയുടെ വനിതാ-പുരുഷ താരങ്ങൾക്ക് ഇനി മുതൽ ഒരേ പ്രതിഫലം ലഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ചരിത്രപരമായ ഈ തീരുമാനം അറിയിച്ചത്. “പ്രതിഫല കാര്യത്തിലെ വിവേചനം അവസാനിപ്പിക്കാനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവെപ്പ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബിസിസിഐയുമായി കരാറിലേർപ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ഞങ്ങൾ തുല്യ പ്രതിഫല നയം നടപ്പിലാക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ലിംഗസമത്വത്തിന്റെ പുതിയ യുഗത്തിലേക്ക് നീങ്ങുമ്പോൾ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ തുല്യമായിരിക്കും, ”ഷാ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വർഷങ്ങളായി ഇന്ത്യൻ വനിതാ താരങ്ങൾ ഉന്നയിച്ചു വരുന്ന ആവശ്യത്തിനാണ് ഒടുവിൽ ബിസിസിഐ അനുമതി നൽകിയത്.
"പുരുഷ താരങ്ങൾക്ക് നിലവിൽ ലഭിക്കുന്നതിനു തുല്യമായ മാച്ച് ഫീയാണ് ഇനിമുതൽ വനിതാ താരങ്ങൾക്കും ലഭിക്കുക. ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (ആറു ലക്ഷം രൂപ), ട്വന്റി20 (മൂന്നു ലക്ഷം രൂപ) എന്നിങ്ങനെയായിരിക്കും മാച്ച് ഫീ. നമ്മുടെ വനിതാ താരങ്ങൾക്ക് ഞാൻ നൽകിയ ഉറപ്പായിരുന്നു തുല്യ പ്രതിഫലം. ഈ തീരുമാനം നടപ്പാക്കുന്നതിൽ ഉറച്ച പിന്തുണ നൽകിയ ബിസിസിഐ ഉന്നതാധികാരസമിതിക്ക് നന്ദി. ജയ് ഹിന്ദ്’’ – ജയ് ഷാ കുറിച്ചു.
ആദ്യമായാണ് ഇന്ത്യയിൽ ഒരു ഗെയിമിൽ കളിക്കുന്ന പുരുഷ-വനിതാ പ്രൊഫഷണൽ താരങ്ങൾക്ക് തുല്യ പ്രതിഫലം നൽകുന്നത്. ഈ വർഷം ജൂലൈയിൽ, ന്യൂസിലാൻഡ് അഞ്ച് വർഷത്തെ കരാറിൽ തങ്ങളുടെ വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങൾക്ക് അന്താരാഷ്ട്ര, ആഭ്യന്തര തലങ്ങളിൽ എല്ലാ ഫോർമാറ്റുകളിലും ഒരേ മാച്ച് ഫീ നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം മാച്ച് ഫീ ഇന്ത്യൻ ക്രിക്കറ്റിൽ വേതന തുല്യതയെ അർത്ഥമാക്കുന്നില്ല, കാരണം പുരുഷന്മാർക്കും സ്ത്രീകൾക്കും വാഗ്ദാനം ചെയ്യുന്ന കേന്ദ്ര കരാർ ഫീസിൽ വലിയ വ്യത്യാസമുണ്ട്.
നിലവിൽ, കേന്ദ്ര കരാറുള്ള പുരുഷ താരങ്ങൾക്ക് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 7 കോടി, 6 കോടി, 3 കോടി രൂപയും വനിതാ താരങ്ങൾക്ക് 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം രൂപ വീതവുമാണ് പ്രതിവർഷ പ്രതിഫലം ലഭിക്കുന്നത്.
2022-ലെ പുരുഷ-വനിതാ താരങ്ങൾക്കുള്ള ഏറ്റവും പുതിയ കരാറുകൾ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
What's Your Reaction?