ഇൻഫിനിറ്റി പാലം: ദുബായിലെ ഏറ്റവും പുതിയ വാസ്തുവിദ്യാ വിസ്മയം പൊതുജനങ്ങൾക്കായി തുറന്നു
വാസ്തുവിദ്യാ അത്ഭുതങ്ങൾക്ക് പേരുകേട്ട ഇടമാണ് ദുബായ് (Dubai). വാസ്തുവിദ്യയുടെയും അതിമനോഹരങ്ങളായ കെട്ടിടങ്ങളുടെയും ഒരു നീണ്ട നിര തന്നെ ദുബായ്ക്ക് സ്വന്തമാണ്.
വാസ്തുവിദ്യാ അത്ഭുതങ്ങൾക്ക് പേരുകേട്ട ഇടമാണ് ദുബായ് (Dubai). വാസ്തുവിദ്യയുടെയും അതിമനോഹരങ്ങളായ കെട്ടിടങ്ങളുടെയും ഒരു നീണ്ട നിര തന്നെ ദുബായ്ക്ക് സ്വന്തമാണ്. ജനുവരി 16ന് പൊതു ഗതാഗതത്തിനായി തുറന്ന പുതുതായി നിർമ്മിച്ച ഇൻഫിനിറ്റി പാലവും (Infinity Bridge) ഇപ്പോൾ ഈ പട്ടികയിലേക്ക് ചേർന്നു. ദുബായുടെ വികസനപാതയിൽ പരിധിയില്ലാത്ത ലക്ഷ്യങ്ങളെ പ്രതിനിധീകരിക്കുന്ന അനന്തതയുടെ പ്രതീകമായാണ് ആർക്ക് ഘടനയിലുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
2018ൽ പ്രഖ്യാപിച്ച അൽ ഷിന്ദഘ കോറിഡോർ പദ്ധതി (Al Shindagha Corridor Project) എന്ന പേരിൽ ഏകദേശം 1.44 ബില്യൺ ഡോളർ പദ്ധതിയുടെ ഭാഗമാണ് ഇൻഫിനിറ്റി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പാലത്തിന് ഓരോ ദിശയിലും ആറ് പാതകളുണ്ട്, ദെയ്‌റയും ബർ ദുബായും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ മണിക്കൂറിലും 24,000 വാഹനങ്ങൾ ഇരു ദിശകളിലേക്കും ഈ പാലത്തിലൂടെ കടന്നു പോകും.
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇൻഫിനിറ്റി പാലം തുറക്കുന്നതിനൊപ്പം ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് പോകുന്ന അൽ ഷിന്ദഗയുടെ ഒരു ദിശയിലേയ്ക്കുള്ള പാത രണ്ട് മാസത്തേക്ക് താൽക്കാലികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഇൻഫിനിറ്റി പാലവും ഈ റൂട്ടിൽ നിർമ്മിച്ച മറ്റ് പുതിയ പാലങ്ങളും തമ്മിലുള്ള ബന്ധം സുഗമമായി പൂർത്തീകരിക്കുന്നതിനും തടസ്സമില്ലാത്ത ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഈ അടച്ചിടൽ.
മൊത്തം 13 കിലോമീറ്റർ ദൂരത്തിലുള്ള ഇൻഫിനിറ്റി പാലം, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയുൾപ്പെടെ ദുബായിലെ വിവിധ പ്രധാന തെരുവുകളെ തമ്മിലും ബന്ധിപ്പിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാലം പൊതുഗതാഗതത്തിന് തുറക്കുന്നതായി പ്രഖ്യാപിക്കുകയും പാലത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. “ഇൻഫിനിറ്റി പാലം. പുതിയ ആഗോള എഞ്ചിനീയറിംഗ് കലാ-വാസ്തുവിദ്യാ മാസ്റ്റർപീസ്“ എന്നാണ് ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പിൽ അദ്ദേഹം കുറിച്ചത്.
2030ഓടെ അൽ ഷിന്ദഘ പദ്ധതി പൂർണമായും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പാലത്തിന്റെ സേവനം ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
തിരക്കേറിയ വാഹനഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ ദുബായ് എന്നും ശ്രമിക്കാറുണ്ട്. ഇപ്പോൾ യാത്രാ സമയം മൂന്നിലൊന്നായി കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന റോഡും ദുബായിൽ ഒരുങ്ങുന്നുണ്ട്. റാസ് അൽ ഖോർ റോഡിൽ ദുബായ്-അൽ ഐൻ റോഡ് ഇന്റർസെക്‌ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ എട്ട് കിലോമീറ്ററിലാണ് ശൈഖ് റാഷിദ് ബിൻ സയീദ് റോഡ്‌സ് ഇംപ്രൂവ്‌മെന്റ് കോറിഡോർ എന്ന പദ്ധതി.
What's Your Reaction?