20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ചിപ്സൺ ഏവിയേഷന്

പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചെലവ്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

Dec 15, 2021 - 15:52
 0

കേരള പൊലീസിനുള്ള (Kerala Police) വാടക ഹെലികോപ്റ്റർ (Helicopter) കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന് (Chipsan Aviation). ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാ‍ർശ ചെയ്യും. പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

ടെണ്ടർ ഇല്ലാതെയാണ് ഒന്നാം പിണറായി സർക്കാർ പവൻ ഹൻസെന്ന കമ്പനിക്ക് വാടക ഹെലികോപ്റ്ററിന് കരാർ നൽകിയത്. പ്രതിമാസം പറക്കാൻ ഒരു കോടി നാൽപത് ലക്ഷവും നികുതിയുമാണ് നൽകിയത്. ഒരു വ‍ർഷത്തെ കരാർ പ്രകാരം 22.21 കോടിയാണ് സർക്കാർ പവൻ ഹൻസിന് നൽകിയത്.

കോവിഡ് ഒന്നാം തരംഗസമയത്ത് 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്റ്ററിന്റെ ഉപയോഗം നടന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോള്‍ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റ‍‌ർ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിന്‍റെ വാടയായി സർക്കാരിന് ഒരു വർഷം നൽകേണ്ടിവന്നത് 22.21 കോടിയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. ഇതിനെക്കാള്‍ കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്നും ടെണ്ടർ വിളിക്കണമെന്നും ആവശ്യപ്പെട്ട് ചിപ്സണ്‍ ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനെ സമീപിച്ചുവെങ്കിലും എല്ലാം തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്ത പവൻ ഹൻസിന് വേണ്ടി ഇടപെട്ടതും വിവാദമയിരുന്നു. കേരളം 1.44 കോടി പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡിനെ തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് ഒക്ടോബർ മാസത്തിലാണ് നടപടികൾ ആരംഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow