പ്രധാനമന്ത്രിക്കുവേണ്ടി കാത്തിരിക്കാനാവില്ല; അതിവേഗ പാത ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാത ഉദ്ഘാടനം നടത്താതെ വൈകിപ്പിക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി

May 11, 2018 - 21:07
 0
പ്രധാനമന്ത്രിക്കുവേണ്ടി കാത്തിരിക്കാനാവില്ല; അതിവേഗ പാത ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാത ഉദ്ഘാടനം നടത്താതെ വൈകിപ്പിക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പാത ജൂണ്‍ ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം സംബന്ധിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 'എന്തുകൊണ്ടാണ് ഇതുവരെ ഉദ്ഘാടനം നടത്താത്തത്? ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് . എന്തിനാണ്? പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യുന്നതുവരെ അനന്തമായി കാത്തിരിക്കാനാവില്ല.'- ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഏപ്രില്‍ 29ന് എക്‌സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്ക് മൂലം ഉദ്ഘാടന പരിപാടി റദ്ദാക്കുകയായിരുന്നെന്ന് ദേശീയപാതാ അതോറിറ്റി കോടതിയില്‍ പറഞ്ഞു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ഉദ്ഘാടനം നടത്താതെയും പ്രവര്‍ത്തനം ആരംഭിക്കാമെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ മേഘാലയ ഹൈക്കോടതി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്ഘാടനം നടന്നാലും ഇല്ലെങ്കിലും മെയ് 31ന് മുന്‍പായി അതിവേഗ പാത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം. ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കിന് പരിഹാരമുണ്ടാക്കുക എന്നതാണ് പ്രധാനമെന്നും കാലതാമസമുണ്ടാകുന്നത് ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആറുവരിയും 135 കിലോമീറ്റര്‍ ദൈര്‍ഘ്യവുമുള്ള സിഗ്നല്‍ രഹിത അതിവേഗ പാതയാണ് ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ. ഇത് തുറന്നുകൊടുക്കുന്നതോടെ ഡല്‍ഹി നഗരത്തിലെ രണ്ടു ലക്ഷം വാഹനങ്ങളെങ്കിലും വഴിതിരിച്ചുവിടാനാവുമെന്നാണ് ഇപ്പോള്‍ നഗരം നേരിടുന്ന കടുത്ത അന്തരീക്ഷ മലിനീകരണത്തിനും ഇത് ശമനമുണ്ടാക്കും. 5,763 കോടി രൂപ ചിലവിലാണ് പാതയുടെ നിര്‍മാണം.

What's Your Reaction?

like

dislike

love

funny

angry

sad

wow