വീട്ടുജോലിക്ക് 13കാരി, ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചും അടിച്ചും ക്രൂരപീഡനം; ഡോക്ടറും ഭാര്യയും അറസ്റ്റില്‍
കുട്ടിക്കടത്ത്, മാരകമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍ വയ്ക്കല്‍, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഡോക്ടര്‍ക്കും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

ഉത്തര്‍പ്രദേശില്‍ നിന്നു വീട്ടുജോലിക്കായി കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തതിനു ഡോക്ടറും ഭാര്യയും അറസ്റ്റിലായി. ഡല്‍ഹി സ്വദേശിയായ ഡോ. മിര്‍സ മുഹമ്മദ് കമ്രാന്‍ (40) ഭാര്യ റുമാന (30) എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി കോഴിക്കോട്ട് താമസിച്ചുവരുന്ന ഡോക്ടറുടെ വീട്ടില്‍ പതിമൂന്നുവയസ്സുകാരിയെ മേയ് ആദ്യവാരത്തിലാണ് ജോലിക്കായി എത്തിച്ചത്.
കുട്ടിയെ വീട്ടുകാര്‍ ഉപദ്രവിക്കുന്നതായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് ക്രൂരപീഡനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന്, കഴിഞ്ഞദിവസം പോലീസ് ഫ്ളാറ്റിലെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കൈമാറുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം കുട്ടിയെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. അറസ്റ്റിലായ റുമാന സ്ഥിരമായി ചട്ടുകം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും നിരവധി പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അലിഗഡാണ് കുട്ടിയുടെ സ്വദേശം. മാതാവ് മരിച്ചപ്പോള്‍ ബന്ധുവാണ് ഇവിടെ കൊണ്ടുവന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. കുട്ടിക്കടത്ത്, മാരകമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍ വയ്ക്കല്‍, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഡോക്ടര്‍ക്കും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ദീഖ്, പന്തീരാങ്കാവ് എസ്എ ടി വി ധനഞ്ജയദാസ്, സീനിയര്‍ സിപിഒമാരായ രഞ്ജിത്ത്, രൂപേഷ്, സിപിഒ ശ്രുതി എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
What's Your Reaction?






