ബംഗാളിൽ 'CPM-BJP സഖ്യം' സഹകരണ സംഘത്തിൽ സമ്പൂര്‍ണ വിജയം നേടി; ഒരു സീറ്റ് പോലുമില്ലാതെ തൃണമൂൽ
സഹകരണ സംഘം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളല്ല, വ്യക്തികളാണ് മത്സരിക്കുന്നതെന്ന് പ്രാദേശിക സിപിഎം നേതാവ്
പശ്ചിമബംഗാളിലെ പൂര്‍ബ മേദിനിപുര്‍ ജില്ലയിലെ നന്ദകുമാറിലെ സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം സഖ്യത്തിന് വൻവിജയം. 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' എന്ന പേരില്‍ മത്സരിച്ച സഖ്യം ആകെയുള്ള 63 സീറ്റും സ്വന്തമാക്കി. ഭരണകക്ഷിയായ തൃണമൂലിന് ഒറ്റസീറ്റു പോലും നേടാനായില്ല.
നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബഹറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ ആദ്യം എല്ലാ സീറ്റുകളിലേക്കും നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 52 സീറ്റില്‍ പിന്നീട് പത്രിക പിന്‍വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബിജെ.പിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു.
നേരത്തെ കൊലാഘട്ടിൽ നടന്ന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഎം- കോൺഗ്രസ് സഖ്യത്തോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
''എതിരില്ലാതെ 52 സീറ്റുകളിൽ ഞങ്ങൾ നേരത്തെ തന്നെ വിജയിച്ചിരുന്നു. 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി തൃണമൂൽ കോൺഗ്രസിനെതിരെ പോരാടാനായി രൂപീകരിച്ച സഖ്യമാണ്''- നന്ദകുമാർ ബഹറാംപൂർ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് ഷേഖ് ഹുഷിയാർ റഹ്മാൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“ഇത്തരം സംഭവങ്ങൾ ഉണ്ടാകണം. അങ്ങനെയെങ്കിൽ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നുവെന്ന് ഞങ്ങൾക്ക് (ടിഎംസി) തെളിയിക്കാനാകും''- തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഘോഷ് പറഞ്ഞു.
കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചത് ഇങ്ങനെ- “താഴെത്തട്ടിൽ പലതും സംഭവിക്കാം. എന്നാൽ സിപിഎം നേതൃത്വം ഇക്കാര്യം ശ്രദ്ധിക്കണം''
അതേസമയം, സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ അഭിനന്ദിച്ചു. എന്നാൽ സിപിഎം നേതൃത്വം സഖ്യത്തോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.
''സഹകരണ സംഘം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളല്ല ഏറ്റുമുട്ടുന്നത്. വ്യക്തികളാണ് മത്സരിക്കുന്നത്. ഇവിടെ സഹകരണ സംഘം ഭരിക്കുന്ന, തൃണമൂലുമായി ബന്ധമുള്ള ചില അഴിമതിക്കാർക്കെതിരെ സ്ഥാനാർത്ഥികൾ മത്സരിക്കുകയായിരുന്നു''- പൂർബ മേദിനിപൂർ ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന സിപിഎം നേതാവ് പ്രതികരിച്ചു.
അതേസമയം, 'പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി' വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് ഈ സഖ്യത്തോട് താൽപര്യമില്ല. നന്ദിഗ്രാം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ പൂര്‍ബമേദിനിപൂരിലെ പുതിയ രാഷ്ട്രീയ സഖ്യം തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെ നോക്കുന്നത്.
What's Your Reaction?