'പുതുവത്സര ആഘോഷം ക്രിസ്ത്യൻ പാരമ്പര്യം, ഇസ്ലാമിക നിയമത്തിന് വിരുദ്ധം'; അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ഫത്വ
പുതുവത്സര ആഘോഷത്തിൽ നിന്നും മുസ്ലീങ്ങൾ വിട്ടു നിൽക്കണമെന്ന ആവശ്യമുന്നയിച്ച് അഖിലേന്ത്യ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇതു സംബന്ധിച്ച ഫത്വയും പുറപ്പെടുവിച്ചു. പുതുവത്സരത്തിൽ ആശംസകൾ നേരുന്നതും പതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാൽ ഇത്തരം ആഘോഷങ്ങളിൽ ഒരിക്കലും പങ്കെടുക്കാൻ പാടില്ലെന്ന് റസ്വി പറഞ്ഞു.
പുതുവത്സരാഘോഷങ്ങളിൽ മുസ്ലീങ്ങൾക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമില്ലെന്നും റസ്വി പറഞ്ഞു. പുതുവത്സര ആഘോഷങ്ങൾ ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. ഇവ ഇസ്ലാമിൽ അസിന്നിഗ്ദമായി നിരോധിച്ചിരിക്കുന്നു. ഈ പരിപാടികളിൽ ഏർപ്പെടരുതെന്നും റസ്വി ആവശ്യപ്പെട്ടു.
പുതുവത്സര ആഘോഷം ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങൾ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവർത്തനങ്ങൾ പാപമാണ്. മുസ്ലീം യുവാക്കൾ ഇവയിൽ നിന്നെല്ലാം മാറിനിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഫത്വ പുറപ്പെടുവിച്ചതോടെ ഇതിനെതിരെ രൂക്ഷവിമർശനവുമായി സൂഫി ഫൗണ്ടേഷൻ ദേശീയ പ്രസിഡൻ്റ് കാശിഷ് വാർസി രംഗത്തെത്തി. മുസ്ലീങ്ങൾക്ക് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുന്ന ഫത്വ ഫാക്ടറിയാണെന്നാണ് കാശിഷ് വാർസി വിമർശിച്ചത്. മിസ്ലീങ്ങളുടെ ഇടയിലുള്ള യഥാർത്ഥ പ്രശ്നങ്ങൾ ഇനിയും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക കലണ്ടർ ആരംഭിക്കുന്നത് മുഹറം മാസത്തിലാണെങ്കിലും പുതുവത്സര ആഘോഷങ്ങളെ ഹറാമെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?