Agnipath | പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ത്ഥികളുടെ ഒഴുക്ക്; മൂന്ന് ദിവസത്തിനുള്ളില്‍ ലഭിച്ചത് 94,000 -ൽ അധികം അപേക്ഷകൾ
പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയിലേക്ക് (Agnipath Scheme) അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു. വ്യോമസേനയിലേക്ക് അഗ്നിവീരന്മാർക്കായുള്ള അപേക്ഷ ക്ഷണിച്ചതോടെ 94,000-ലധികം അപേക്ഷകളാണ് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത്.
പ്രതിഷേധങ്ങള്‍ക്കിടയിലും അഗ്നിപഥ് പദ്ധതിയിലേക്ക് (Agnipath Scheme) അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു. വ്യോമസേനയിലേക്ക് അഗ്നിവീരന്മാർക്കായുള്ള അപേക്ഷ ക്ഷണിച്ചതോടെ 94,000-ലധികം അപേക്ഷകളാണ് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 94,281 അപേക്ഷകളാണ് വ്യോമസേനയ്ക്ക് ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ( Ministry of Defence) പിആര്‍ഒ ഹൈദരാബാദ് എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
കര, നാവിക, വ്യോമസേനകളിലേക്ക് നാല് വര്‍ഷത്തെ കരാറില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പുതിയതായി അവതരിപ്പിച്ച അഗ്നിപഥ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോൾ ഇതില്‍ നാലിലൊന്ന് സൈനികരെ സ്ഥിരം സര്‍വീസിലേക്ക് നിയമിക്കും. ജൂലൈ 5 ആണ് അപേക്ഷകള്‍ അയക്കുന്നതിനുള്ള അവസാന തീയതി. careerindianairforce.cdac.in എന്ന വെബ്‌സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍.
17.5 നും 21 നും ഇടയില്‍ പ്രായമുള്ള ഓഫീസര്‍ റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകളിലേക്കാണ് അഗ്നിപഥ് പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട് വര്‍ഷം ഇളവ് നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 50 ശതമാനം മാര്‍ക്കോടെ 12-ാം ക്ലാസോ തത്തുല്യമായ പരീക്ഷകളോ പാസായിരിക്കണം. ഇതിന് പുറമെ ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാണ്. COBSE ലിസ്റ്റ് ചെയ്ത സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ കൗണ്‍സിലില്‍ നിന്നോ കോഴ്‌സിലും ഇംഗ്ലീഷിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ രണ്ടുവര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
എഴുത്ത് പരീക്ഷ ഉള്‍പ്പെടുന്ന വിവിധ തലത്തിലുളള പ്രക്രിയയിലൂടെയാണ് അഗ്നിവീര്‍ വായു സേനയെ തിരഞ്ഞെടുക്കുക. ജൂലൈ 24 ന് പരീക്ഷ നടക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇതില്‍ നിന്ന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് ശാരീരിക ക്ഷമതയ്ക്കും മെഡിക്കല്‍ ടെസ്റ്റിനുമുള്ള അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷവും വ്യത്യസ്തമായ പ്രതിമാസ പാക്കേജാണ് നല്‍കുക. ഈ പാക്കേജിന്റെ എഴുപത് ശതമാനം ശമ്പളമായി ലഭിക്കും. എന്നാല്‍ ബാക്കിയുള്ള 30 ശതമാനം അഗ്‌നിവീര്‍ കോര്‍പ്പസ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയും അത് നാല് വര്‍ഷത്തെ കാലയളവിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും. ആദ്യ വര്‍ഷത്തേക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30,000 രൂപയുടെ പാക്കേജാണ് നല്‍കുക. ഇതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 21,000 രൂപ ആയിരിക്കും ശമ്പളമായി കൈയില്‍ ലഭിക്കുക. അതേസമയം,രണ്ടാം വര്‍ഷം പാക്കേജ് 33,000 രൂപയാകുകയും കൈയില്‍ ലഭിക്കുന്നത് 23,100 രൂപയുമായി ഉയരുകയും ചെയ്യും.
മൂന്നാമത്തെയും നാലാമത്തെയും വര്‍ഷങ്ങളില്‍, അഗ്‌നിവീരന്മാര്‍ക്ക് പ്രതിമാസ പാക്കേജ് 36,500 രൂപയും 40,000 രൂപയായി ഉയരും. അതേസമയം, കൈയില്‍ ലഭിക്കുന്ന ശമ്പളം യഥാക്രമം 25,550 രൂപയും 28,000 രൂപയുമായിരിക്കും.
What's Your Reaction?