ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് 'മാനഹാനി'; മന്ത്രി പളനിവേൽ ത്യാഗരാജന് 'ധന'നഷ്ടം
തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ പളനിവേൽ ത്യാഗരാജനെ ധനവകുപ്പിൽ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.
വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തിൽ പളനിവേലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആർ ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആർബി രാജയുടെ നിയമനം.
മന്നാർഗുഡി നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ടി ആർ ബാലുവിന്റെ മകനുമാണ്. 2021 മേയിൽ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
നാസറിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ കാരണം മോശം പ്രകടനമാണെന്ന് പറയപ്പെടുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം പി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകൾ ലഭിച്ചു.
What's Your Reaction?