Agnipath Protest | അഗ്നിപഥ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി: റെയില്‍വേ മന്ത്രി

അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍, ബീഹാര്‍ മുതല്‍ തെലങ്കാന വരെയുള്ള സംസ്ഥാനങ്ങളിലെ റെയില്‍വേയുടെ വസ്തുക്കള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. അഗ്നിപഥ് (Agnipath) പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങള്‍ (protests) 2000ലധികം ട്രെയിന്‍ സര്‍വീസുകളെ (Train service) സാരമായി ബാധിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw ) വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു

Jul 24, 2022 - 05:46
 0
Agnipath Protest | അഗ്നിപഥ് പ്രതിഷേധത്തില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 259.44 കോടി: റെയില്‍വേ മന്ത്രി

അഗ്നിപഥ് (Agnipath) പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളമുണ്ടായ പ്രതിഷേധങ്ങള്‍ (protests) 2000ലധികം ട്രെയിന്‍ സര്‍വീസുകളെ (Train service) സാരമായി ബാധിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw ) വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു. ജൂണ്‍ 15 നും ജൂണ്‍ 23 നും ഇടയില്‍ 2132 ട്രെയിനുകള്‍ റദ്ദാക്കിയതായി രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭങ്ങളുടെ ഫലമായി റെയില്‍വേ സര്‍വീസുകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കാന്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍, 2022 ജൂൺ 14 മുതല്‍ ജൂൺ 30 വരെയുള്ള കാലയളവില്‍, ട്രെയിനുകൾ റദ്ദാക്കിയതിന്റെ പേരില്‍ ഏകദേശം 102.96 കോടി രൂപ റീഫണ്ടിനായി അനുവദിച്ചതായും, പ്രക്ഷോഭങ്ങളില്‍ റെയില്‍വേയുടെ ആസ്തികള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 259.44 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി. അഗ്‌നിപഥ് പദ്ധതിയുടെ പേരിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ റദ്ദാക്കിയ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന ജനകീയ പ്രതിഷേധങ്ങള്‍ക്കിടയില്‍, ബീഹാര്‍ മുതല്‍ തെലങ്കാന വരെയുള്ള സംസ്ഥാനങ്ങളിലെ റെയില്‍വേയുടെ വസ്തുക്കള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വ്യാപകമായ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്.

അതേസമയം, യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ചെലവ് ദേശീയ ട്രാന്‍സ്‌പോര്‍ട്ടറിന് അമിത ഭാരമാണെന്ന് റെയില്‍വേ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും പാസഞ്ചര്‍ സേവനങ്ങളുടെ കുറഞ്ഞ നിരക്ക് പിന്തുടരുന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ ശരാശരി യാത്രാ ചെലവിന്റെ 50 ശതമാനത്തിലധികം ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വഹിക്കുന്നുണ്ടെന്ന് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞിരുന്നു.

'ഇതുകൂടാതെ, കൊവിഡിനെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ട് വര്‍ഷമായി യാത്രക്കാരില്‍ നിന്നുള്ള വരുമാനം 2019-20 നെ അപേക്ഷിച്ച് കുറവാണ്. യാത്രക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിനുള്ള ചെലവ് റെയില്‍വേയ്ക്ക് അമിത ഭാരമാണ് നല്‍കുന്നത്. അതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം യാത്രക്കാര്‍ക്കും നല്‍കുന്ന ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020-21, 2021-22 വര്‍ഷങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കുറഞ്ഞതായും മന്ത്രി പറഞ്ഞു. അതേസമയം, റെയില്‍വേയുടെ സുസ്ഥിര വികസനത്തിനായി 2019-20-ല്‍ 22.62 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ യാത്രാനിരക്കിലെ ഇളവ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow