Odisha Train Accident: ഒഡീഷ ട്രെയിൻ അപകടം: 288 മരണം; റെയിൽവേ മന്ത്രി അപകടസ്ഥലത്ത്; മരിച്ചവരിലേറെയും കുടിയേറ്റ തൊഴിലാളികൾ
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്
ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണം 288 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടർന്ന് ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുർ- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. ഇതിനിടെ അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ നാലു തൃശൂർ സ്വദേശികളുമുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു.
What's Your Reaction?