തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് പതഞ്ജലിയുടെ 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കി. 14 ഉല്‍പ്പന്നങ്ങളില്‍ 13 എണ്ണവും പതഞ്ജലിയുടെ അനുബന്ധസ്ഥാപനമായ ദിവ്യ യോഗ ഫാര്‍മസിയാണ് നിര്‍മ്മിക്കുന്നത്.
യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മരുന്നുകളെപ്പറ്റി തെറ്റായ അവകാശവാദങ്ങള്‍ ഉയരുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി.
ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ട് ലംഘിച്ചുവെന്നാരോപിച്ച് പതഞ്ജലി ആയുര്‍വേദിനും അതിന്റെ സ്ഥാപകരായ ബാബാ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസന്‍സിംഗ് അതോറിറ്റി പറഞ്ഞു.
പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും കോവിഡ് 19 വാക്‌സിന്‍ പ്രചരണത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ആയുര്‍വേദ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയുന്നതിനുള്ള നിലവിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ ബാബാ രാംദേവിനെ സുപ്രീം കോടതി വിമര്‍ശിച്ചതും വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി. ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ഉത്തരവിലാണ് രാംദേവിന്റെ കമ്പനിയുടെ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നും വിഷയത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തില്‍ പരസ്യം നല്‍കിയെന്നും രാംദേവ് കോടതിയെ അറിയിച്ചു.
What's Your Reaction?






