ബജറ്റ് സമ്മേളനത്തിനിടെ വനിത എംഎല്‍എയെ കടന്നുപിടിച്ച സംഭവം; എംഎ വാഹീദിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

2015ലെ ബജറ്റ് അവതരണ വേളയില്‍ നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ എംഎ വാഹിദിനെതിരായ കെകെ ലതികയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എംഎ വാഹിദ് കെകെ ലതികയെ തടയുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.
കെകെ ലതിക ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. എംഎ വാഹീദിനും സംസ്ഥാന സര്‍ക്കാരിനുമാണ് ജസ്റ്റിസ് മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്. വസ്തുതകള്‍ ഹൈക്കോടതിയില്‍ നിന്ന് മറച്ച് വച്ചാണ് വാഹീദ് കേസ് റദ്ദാക്കിപ്പിച്ചത് എന്ന് ആരോപിച്ചാണ് ഹര്‍ജി.
2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രി കെഎം മാണി 13ാം ബജറ്റ് അവതരിപ്പിക്കാന്‍ സഭയിലെത്തിയതോടെ ആയിരുന്നു പ്രതിഷേധങ്ങള്‍ ശക്തമായത്. തന്നെ എംഎ വാഹീദ് തടയുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിക്കുകയും ചെയ്‌തെന്നും ഇത് വകവയ്ക്കാതെ മുന്നോട്ട് പോയ തന്നെ തള്ളി താഴെയിട്ടുവെന്നും കെകെ ലതിക പരാതിയില്‍ പറയുന്നു.
കെകെ ലതികയുടെ പരാതിയില്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പാകെ ഫയല്‍ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ലതിക നല്‍കിയ മൊഴിയുടെ പല ഭാഗങ്ങളും മറച്ച് വച്ചാണ് വഹീദ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയെന്നാണ് ലതികയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
What's Your Reaction?






