Sri Lanka : ദിനേഷ് ഗുണവർധനെ ശ്രിലങ്കൻ പ്രധാനമന്ത്രി, സ്ഥാനമേറ്റു

സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിരുന്നു.

Jul 23, 2022 - 03:18
 0

പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാൽ അതേ സമയം, പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

സർക്കാർ മന്ദിരങ്ങൾക്ക് മുന്നിലെ ക്യാമ്പുകളിൽ സൈനിക നടപടികൾ ആരംഭിച്ചു.  സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ തകർത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. പുലർച്ചെയോടെയായിരുന്നു സൈനിക നടപടി. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പ്രസിഡൻറ് ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ പൂർണമായി ഒഴിയണമെന്നാണ് നിർദേശം. പല സർക്കാർ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരിൽ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. 

പ്രക്ഷോഭം നടത്തുന്നവ‍ർ രാജ്യത്തിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ പൂർണമായി ഒഴിയണമെന്ന്  പ്രസിഡന്‍റ് റനിൽ വിക്രമസിംഗ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ മന്ദിരങ്ങളിൽ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സൈനിക നടപടി. പ്രക്ഷോഭകർക്ക് എതിരായ സൈനിക നടപടിയിൽ ശ്രീലങ്കൻ മനുഷ്യാവകാശ കമ്മീഷൻ അപലപിച്ചു. യുഎസ്, ബ്രിട്ടീഷ് പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തി. 

What's Your Reaction?

like

dislike

love

funny

angry

sad

wow