ഇസ്‌കോണിന്റെ വെജ് റെസ്റ്റൊറന്റില്‍ ആഫ്രിക്കന്‍ വംശജന്‍ കെഎഫ്സി ചിക്കന്‍ കഴിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഇസ്‌കോണിന്റെ ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഗോവിന്ദ റെസ്‌റ്റൊറന്റിലാണ് സംഭവം. ആഫ്രിക്കന്‍ വംശജനായ ഒരു ബ്രിട്ടീഷ് യുവാവ് റെസ്റ്ററന്റിന്റെ ഉള്ളില്‍ കയറി അവിടെ മാംസഭക്ഷണം വിളമ്പുന്നുണ്ടോയെന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ ഗോവിന്ദ റെസ്‌റ്റൊറന്റില്‍ സസ്യാഹാരം മാത്രമാണ് വിളമ്പുന്നത് എന്ന് അറിഞ്ഞപ്പോള്‍ അയാള്‍ ഒരു കെഎഫ്‌സി ചിക്കന്‍ ബോക്‌സ് പുറത്തെടുത്ത് അവിടെ നിന്ന് കഴിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍, ഇതുകൊണ്ടും അവസാനിച്ചില്ല. റെസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും അയാള്‍ തന്റെ കൈയ്യിലുണ്ടായിരുന്ന മാംസാഹാരം വിളമ്പി. ഇത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കി. അയാളുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ റെസ്‌റ്റൊറന്റ് ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അവിടേക്ക് വിളിക്കുകയും അയാളെ റെസ്റ്ററന്റിന്റെ ഉള്ളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
വൈകാതെ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിപേരാണ് യുവാവിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. യുവാവിന്റെ ചെയ്തി മനഃപൂര്‍വമാണെന്നും പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും മതപരമായ അസഹിഷ്ണുതയുണ്ടാക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവാവിന്റെ പ്രവര്‍ത്തി വിദ്വേഷം മൂലമുള്ള അസഹിഷ്ണുത വെളിവാക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞു.