അന്ന് കിണറ്റിൽ ചാടി മരിക്കാൻ പോയി, പക്ഷേ കുഞ്ഞിനെ ഓർത്തു പിന്മാറി ; ഇന്ന് വിജയക്കൊടുമുടി താണ്ടി നൗജിഷ

ജീവിതം ഒരു പോരാട്ടമാണ് എന്ന് തിരിച്ചറിഞ്ഞ് ഏത് ദുരിത കടലിലും ആത്മവിശ്വാസം കളയാതെ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ശക്തമായി പോരാടി ജീവിതവിജയം കൈവരിച്ചവരുടെ ജീവിതവഴികൾ ഒരുപാട് പേർക്ക് പ്രചോദനം പകരാറുണ്ട്.

May 27, 2022 - 02:44
May 27, 2022 - 02:51
 0
അന്ന് കിണറ്റിൽ ചാടി മരിക്കാൻ പോയി, പക്ഷേ കുഞ്ഞിനെ ഓർത്തു പിന്മാറി ; ഇന്ന് വിജയക്കൊടുമുടി താണ്ടി നൗജിഷ

ജീവിതം ഒരു പോരാട്ടമാണ് എന്ന് തിരിച്ചറിഞ്ഞ് ഏത് ദുരിത കടലിലും ആത്മവിശ്വാസം കളയാതെ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ശക്തമായി പോരാടി ജീവിതവിജയം കൈവരിച്ചവരുടെ ജീവിതവഴികൾ ഒരുപാട് പേർക്ക് പ്രചോദനം പകരാറുണ്ട്. ഒന്ന് കണ്ണോടിച്ചാൽ നമുക്ക് ചുറ്റും തന്നെ ഒരുപാട് പോരാളികളെ കാണാം. അങ്ങനെയൊരു വലിയ പോരാട്ടവീര്യത്തിന്റെ കഥയാണ് നൗജിഷയുടെ ജീവിതം.  മുപ്പത്തി ഒന്ന് വർഷങ്ങൾക്കുള്ളിൽ ഒരു വലിയ സങ്കടക്കടൽ കടക്കേണ്ടി വന്നെങ്കിലും ഒരുപാട് യാതനകൾ സഹിച്ച് സ്വന്തം കഴിവും പരിശ്രമവും കൊണ്ട് നേടിയെടുത്ത വിജയ തിളക്കത്തിൽ പോലീസ് അക്കാദമിയിൽനിന്ന് കോഴ്സ് പൂർത്തീകരിച്ച് യൂണിഫോമിൽ വരുന്ന നൗജിഷ, തന്റെ അടുക്കലേക്ക് ഓടിവരുന്ന മകനെ സ്നേഹവാത്സല്യങ്ങളോടെ വരിപ്പുണർന്ന് ആലിംഗനം ചെയ്തു മാറോടണയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മനസ്സു നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഈ വീഡിയോയെ സമൂഹമാധ്യമങ്ങളിൽ സ്വീകരിക്കുന്നത്. നൗജിഷയ്ക്ക് എങ്ങുനിന്നും അഭിനന്ദനപ്രവാഹമാണ്.

2013ലായിരുന്നു എംസിഎ ബിരുദധാരിയായ നൗജിഷയുടെ വിവാഹം. ഇതോടെ ജീവിതം കീഴ്മേൽ മറിയുകയായിരുന്നു. . വിവാഹത്തിനുശേഷം ഭർത്താവിൽ നിന്ന് നേരിട്ട കൊടിയ പീഡനങ്ങൾ, ദുരനുഭവങ്ങൾ എല്ലാം നൗജിഷയെ ആകെ തളർത്തി, കൈകുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ നൗജിഷ താണ്ടിയ നാളുകൾ ഏറെയാണ്. അന്ന് ഒരുപാട് പഠിച്ച് നൗജീഷ നേടിയ റാങ്ക് ലിസ്റ്റ് ഒളിച്ചുവയ്ക്കേണ്ടി വന്നതു മുതൽ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയ അതിജീവനം വരെയെത്തി നില്‍ക്കുന്ന പോരാട്ട കഥയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നൗജിഷ. വളരെ ബുദ്ധിമുട്ടിയായിരുന്നു നൗജിഷയുടെ വിദ്യാഭ്യാസം പോയിക്കൊണ്ടിരുന്നത്.

തന്റെ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെ അവൾ നന്നായി പഠിച്ചു. ജോലിയ്ക്ക് പോകണമെന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നെങ്കിലും വിവാഹ ശേഷം ഒന്നും പാലിക്കപ്പെട്ടില്ല. അടുക്കളയിൽ കഴിയാനുള്ള പെണ്ണുങ്ങൾ എന്തിനാണ് വീടിന്പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുൻപിൽ നൗജിഷ പകച്ചു. പിന്നീടങ്ങോട്ട് നൗജിഷയുടെ ജീവിതം വളരെ ദുരിതപൂർണ്ണമായിട്ടായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. പൊരുത്തക്കേടുകള്‍ ,ശാരീരികമായും മാനസികമായും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതിലേക്ക് വഴിവച്ചു. മൂന്ന് വർഷത്തെ യാതനകൾക്കൊടുവിൽ സഹനത്തിന്റെ പാതവെടിഞ്ഞ് അവൾ പ്രതികരിച്ചു തുടങ്ങി. ഒടുവിൽ ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് ഒന്നര വയസ്സുകാരനായ മകനുമായി ആ ദുരിതജീവിതത്തിൽ പുതുജീവൻ തേടി മടങ്ങി. 

തീരുമാനങ്ങളെ തിരുത്താന്‍ അനവധി പിൻവിളികളുണ്ടായി. പക്ഷേ ജീവിതത്തിന് അർഥമുണ്ടാകണമെന്നും ജോലി നേടണമെന്നുമുള്ള ലക്ഷ്യബോധത്തിൽ നിന്ന് നൗജിഷയെ ഒന്നിനും പിന്‍തിരിപ്പിക്കാനായില്ല. 2016 മുതലാണ് നൗജിഷ പഠനത്തിനും പുതിയ ജീവിതത്തിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്. പക്ഷേ കേസും കോടതിയും പലപ്പോഴും ക്ലാസുകൾ മുടക്കി. പഠനത്തില്‍ മിടുക്കിയായ നൗജിഷയുടെ അവസ്ഥ മനസ്സിലാക്കിയ അധ്യാപകര്‍ ഫീസ് പോലും വാങ്ങാതെയാണ് പിന്നിട് പഠനത്തിനുള്ള സൗകര്യമൊരുക്കിയത്. ഒന്നര വർഷത്തെ പ്രയത്നത്തിന് ഒടുവിൽ 2020 ഡിസംബറോടെ 141–ആം റാങ്കുമായി നൗജിഷ പിഎസ്സി റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. താൻ അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരു ഘട്ടത്തിൽ വാശിയായി മാറിയപ്പോൾ നേട്ടങ്ങളുടെ തിരമാലയായി നൗജിഷയുടെ ജീവിതം.
നിരന്തര പരിശ്രമത്തിൽ പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവള്‍ക്ക് മറച്ചുവയ്ക്കേണ്ടി വന്നു.

” ജീവിതം അവസാനിപ്പിക്കാൻ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാൻ. നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കണം. ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ച് തീർക്കണം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ ഇന്നും ഗാർഹിക പീഡനം സഹിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും അതിൽ ഉൾപ്പെടും” ;

ഉറച്ച സ്വരത്തിൽ ഇന്നും നൗജിഷ പറയുന്നു. നിയമങ്ങൾ നൽകുന്ന സുരക്ഷിതത്വം, അത് സാധാരണക്കാരിലേക്ക് എത്തിക്കാനാവും എന്ന പ്രതീക്ഷയോടെ ഒരു പൊലീസുകാരി എന്ന നിലയിൽ ഇനി ഞാൻ പ്രവർത്തിക്കുക ഇത്തരം സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയായിരിക്കും. അതിജീവിക്കാൻ നമുക്കൊരു മനസ്സ് മതി. എന്റെ ജീവിതം തന്നെയാണ് അതിനുള്ള ഉറപ്പും. വിജയച്ചിരിയിൽ നൗജിഷ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow