ലഷ്കർ ഇ തൊയ്ബ ടോപ്പ് കമാൻഡർ അല്‍ത്താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്‌കര്‍ ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ആക്രമണത്തില്‍ പങ്കെടുത്ത ആസിഫ് ഷേയ്ഖ്, ആദില്‍ ഹുസൈന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇവരുടെ കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ പ്രദേശവാസികളില്‍നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ വീടുകള്‍ തകര്‍ത്തത്.
വെള്ളിയാഴ്ച രാവിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം.
What's Your Reaction?






