'കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം മരവിപ്പിക്കില്ല, സഞ്ജീവ് ഭട്ടിന് ജാമ്യം നൽകില്ല'; ഹർജി തള്ളി സുപ്രീംകോടതി

കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരിവിപ്പിക്കാതെ സുപ്രീം കോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സഞ്ജീവ് ഭട്ടിന് ജാമ്യം നൽകാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
അതെസമയം ഭട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ മുൻഗണനാക്രമത്തിൽ പരിഗണിക്കുമെന്ന് ബെഞ്ച് നിർദ്ദേശിച്ചു.”സഞ്ജീവ് ഭട്ടിന് ജാമ്യം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജാമ്യാപേക്ഷ തള്ളിയിരിക്കുന്നു. അപ്പീൽ വാദം കേൾക്കുന്നതിനെ ഇത് ബാധിക്കില്ല. അപ്പീൽ വാദം കേൾക്കൽ വേഗത്തിലാക്കുന്നു,” എന്നും കോടതിയിൽ വിധി പ്രഖ്യാപിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു.
1990ലെ കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ൽ സഞ്ജീവ് ഭട്ട് ജാംനഗർ എഎസ്പിയായിരുന്നപ്പോൾ കസ്റ്റഡിയിൽ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ 2019 ജൂണിൽ ജാംനഗർ സെഷൻസ് കോടതി സഞ്ജീവ് ഭട്ടിനെയും കോൺസ്റ്റബിളായിരുന്ന പ്രവീൺ സിൻഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
കേസ് ബിജെപിയുടെ പകപോക്കലെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്ന് പ്രതികരിച്ചത്. ഇതിനിടയിൽ 1997ലെ കസ്റ്റഡി പീഡനക്കേസിൽ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്. സഞ്ജീവ് ഭട്ട് പോർബന്തർ എസ്പി ആയിരിക്കുമ്പോഴുള്ള കേസിലായിരുന്നു കഴിഞ്ഞ വർഷം കോടതി വിധി പറഞ്ഞത്.
2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നൽകിയതോടെയാണ് താൻ ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലായതെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. മുംബൈ ഐഐടിയിൽനിന്ന് എംടെക് നേടിയ ഭട്ട് 1988ലാണ് ഐപിഎസ് നേടിയത്. 1999 മുതൽ 2002 വരെ ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്നു.
What's Your Reaction?






