വീട്ടുകാർ തീർത്ഥാടനത്തിന് പോയ തിരുവനന്തപുരത്തെ വീട്ടിൽനിന്നും 87 പവൻ മോഷണം പോയി

Jul 8, 2023 - 17:23
 0
വീട്ടുകാർ തീർത്ഥാടനത്തിന് പോയ തിരുവനന്തപുരത്തെ വീട്ടിൽനിന്നും 87 പവൻ മോഷണം പോയി

തലസ്ഥാനത്തെ നടുക്കി വൻ കവർച്ച. നഗരത്തിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നു 87.5 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. വിദേശത്ത് എഞ്ചിനീയർ ആയിരുന്ന മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം എസ്ആർഎ- 40 ടിസി 40/1051 ഐശ്വര്യയിൽ ആർ ബാലസുബ്രഹ്മണ്യ അയ്യരുടെ ഇരുനില വീട്ടിൽ ആയിരുന്നു കവർച്ച. കുടുംബം തിരുച്ചെന്തൂർ ക്ഷേത്രദർശനത്തിന് സമയത്തായിരുന്നു സംഭവം.

ബാലസുബ്രഹ്മണ്യന്റെ മകനും എഞ്ചിനീയറുമായ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ടാണ് ബാങ്ക് ലോക്കറിലിരുന്ന ആഭരണങ്ങൾ എടുത്തത്. ബുധനാഴ്ച ചടങ്ങ് കഴിഞ്ഞെങ്കിലും ആഭരണങ്ങൾ തിരിച്ച് ലോക്കറിലേക്ക് മാറ്റാൻ സാധിച്ചില്ല. തിരുച്ചെന്തൂരിൽ നിന്ന് എത്തിയ ഉടൻ ആഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാനിരിക്കയായിരുന്നു.

 

വ്യാഴാഴ്ച രാവിലെ 8ന് വീടു പൂട്ടി തിരുച്ചെന്തൂരിലേക്ക് പോയ കുടുംബം ഇന്നലെ ഉച്ചയ്ക്ക് 12നാണ് മടങ്ങിയെത്തിയത്. മുകളിലത്തെ നിലയിൽ എത്തിയപ്പോഴാണ് 2 മുറികളിൽ മോഷണം നടന്നതായി കണ്ടത്. സുബ്രഹ്മണ്യന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 58.5 പവൻ ആഭരണങ്ങളും മകൻ രാമകൃഷ്ണന്റെ മുറിയിലെ അലമാരയിൽ നിന്നു 29 പവൻ സ്വർണവും നഷ്ടമായി. ബന്ധുക്കളുടെ ആഭരണങ്ങളും ഇതിൽ ഉണ്ടായിരുന്നു.

കവർച്ച നടത്തിയതു പ്രൊഫഷനൽ മോഷ്ടാവ് അല്ലെന്നാണ് മോഷണം നടത്തിയ രീതിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. ബാങ്ക് ലോക്കറിൽ നിന്നു മൂന്നു ദിവസം മുൻപാണ് ആഭരണങ്ങൾ എടുത്തത്. ഇത്രയേറെ ആഭരണങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാര്യം കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ്. ഈ വീടിനെക്കുറിച്ചു നന്നായി അറിയാവുന്നവരോ പ്രദേശവാസികളോ ആകാം പ്രതിയെന്നും പൊലീസ് പറഞ്ഞു.

 

വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ചിട്ടില്ല. രണ്ടാം നിലയിലെ പുറകിലത്തെ വാതിൽ വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഈ ഭാഗത്തെ ഇരുമ്പ് ഗ്രിൽ സാധാരണ താഴിട്ട് പൂട്ടാറില്ല. ഇന്നലെയും കുറ്റി മാത്രമാണ് ഇട്ടിരുന്നത്. വർക്ക് ഏരിയയിലേത് അലുമിനിയം- ഗ്ലാസ് ഡോറാണ്. ഇതിൽ പൂട്ട് ഉണ്ടെങ്കിലും ഈ വാതിൽ ഇന്നലെ പൂട്ടിയതായി വീട്ടുകാർക്ക് ഓർമയില്ല. തുറന്നുകിടന്ന ഈ വാതിലിൽ താക്കോൽ ഉണ്ടായിരുന്നു.

ഈ താക്കോൽ എടുത്ത് മുറികൾ തുറന്നാകാം മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഇരുമ്പ് അലമാരകൾ താക്കോൽ ഉപയോഗിച്ച് തുറന്നു വസ്ത്രങ്ങൾ വാരിവലിച്ചെറിഞ്ഞ ശേഷം പ്രത്യേക പൗച്ചുകളിൽ നിന്ന് സ്വർണാഭരണങ്ങൾ മാത്രം തരംതിരിച്ചു മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഉപനയന ചടങ്ങുകളിൽ പങ്കെടുത്തവരിൽ നിന്ന് ഇന്ന് മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow