സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്
31 students barred from studying after veterinary student Sidharth died in college ragging in College of Veterinary and Animal Sciences, Pookode in Wayanad
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12 പേര്‍ക്ക് ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തുക. അതേസമയം, കേസിൽ ഒരാൾ കൂടി കീഴടങ്ങിയതോടെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്. 19 വിദ്യാർത്ഥികൾക്ക് മൂന്ന് വര്‍ഷവും 10 വിദ്യാർത്ഥികൾക്ക് ഒരു വര്‍ഷവുമാണ് വിലക്ക്. കൂടാതെ രണ്ടു വിദ്യാർത്ഥികളെ ഇന്റേണൽ എക്സാമുകൾക്ക് വിലക്കും ഏർപ്പെടുത്തും. ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. വിവരം അറിഞ്ഞിട്ടും അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിക്കും. പഠന വിലക്കുള്ള കാലയളവിൽ വിദ്യാർത്ഥികൾക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം സാധ്യമാകില്ല. ഇന്നലെ യൂനിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇത്രയും പേര്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം ഉണ്ടായത്.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ നാലാം വർഷ BVSC വിദ്യാർഥി അമീൻ അക്ബർ അലിയാണ് ഇന്നലെ കീഴടങ്ങിയത്. ഇതോടെ പതിനൊന്ന് പേർ പിടിയിലായതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.
What's Your Reaction?