മേയർ-KSRTC ഡ്രൈവർ തര്‍ക്കം:ബസിനുള്ളിലെ സിസിടിവി മെമ്മറി കാർഡ് കാണാനില്ല; പോലീസ് കൂടുതൽ പരിശോധന നടത്തിയേക്കും

May 1, 2024 - 19:29
 0

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു.

ഇതുവരെ റോഡുകളിൽ സ്ഥാപിച്ച പല സിസിടിവി ദ്യശ്യങ്ങളാണ് പരിശോധിച്ചത്. ഇതിനിടെയിലാണ് ബസിനുള്ളിൽ മൂന്ന് സിസിടിവി ഉണ്ടെന്ന് അറിയുന്നത്. എന്നാൽ ബസ് സർവീസ് നടത്തുന്നതിനാൽ പരിശോധിക്കാൻ സാധിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ഇതിനു പിന്നാലെയാണ് മെമ്മറി കാർഡ് കാണാനില്ലെന്ന് അറിയുന്നത്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്ക് പോര് ഉണ്ടായത് . സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ് നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow