ചിറയിൻകീഴിൽ രണ്ടിടത്ത് തോൽവി; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന് പ്രാദേശിക നേതൃത്വം

Sep 30, 2026 - 10:39
 0
ചിറയിൻകീഴിൽ രണ്ടിടത്ത് തോൽവി; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന് പ്രാദേശിക നേതൃത്വം

ചിറയിൻകീഴിൽ രണ്ടു വാർഡുകൾ നഷ്ടപ്പെടാൻ കാരണം രമ്യാ ഹരിദാസുമായി (Ramya Haridas) ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ എന്ന് ഡിസിസി വിലയിരുത്തൽ. എംഎൽഎയും നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. രമ്യക്കെതിരെ സംഘടനാ തലത്തിൽ നടപടി വേണമെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. രമ്യയും ചില പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ സമീപകാല തർക്കങ്ങളാണ് പരാജയത്തിന് കാരണമായതെന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ.
പാർട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സജാദ് പങ്കുവച്ച സന്ദേശമാണ് രമ്യയും പ്രാദേശിക നേതാക്കളായ സജിത്ത് മുട്ടപ്പാലവും സജാദും തമ്മിലുള്ള തർക്കത്തിന് തുടക്കമിട്ടത്. എംഎൽഎയെയും അവരുമായി അടുപ്പമുള്ള പാളയം പ്രദീപിനെയും വിമർശിക്കുന്നതായിരുന്നു സന്ദേശം. തുടർന്ന് ഇവർ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 38 തദ്ദേശസ്വയംഭരണ വാർഡുകളിൽ 18 ഇടത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിജയിച്ചു. എന്നാൽ, നാല് മാസം മുമ്പ് അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ, നേരത്തെ കൈവശമുണ്ടായിരുന്ന ചില സീറ്റുകൾ യുഡിഎഫിന് നഷ്ടമായി.
സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് 16 വാർഡുകളിൽ വിജയിച്ചപ്പോൾ മൂന്ന് വാർഡുകൾ സ്വതന്ത്ര സ്ഥാനാർഥികൾ നേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, എൻഡിഎയുടെ സഖ്യകക്ഷിയായ ട്വന്റി20 ഒരു വാർഡിലും വിജയിച്ചു.
പത്തനംതിട്ടയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും യുഡിഎഫ് വിജയിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് മത്സരിച്ച നാല് വാർഡുകളിൽ രണ്ടെണ്ണത്തിലും യുഡിഎഫ് വിജയം നേടി. വയനാട്ടിലെ മാനന്തവാടി പള്ളിക്കൽ ഡിവിഷനും കോഴിക്കോട്ടെ കുറ്റിച്ചിറ വാർഡും യുഡിഎഫ് നിലനിർത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow