ഒറ്റയാൾ പട്ടാളമായി കോഹ്ലി; കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223ന് പുറത്ത്

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 79 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സാണ് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.

Jan 12, 2022 - 11:56
 0
ഒറ്റയാൾ പട്ടാളമായി കോഹ്ലി; കേപ് ടൗൺ ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 223ന് പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ (SA vs IND) കേപ് ടൗണിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 79 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) ഇന്നിങ്‌സാണ് തുണയായത്. ചേതേശ്വർ പൂജാര (43), ഋഷഭ് പന്ത് (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.
 

കേപ് ടൗണിൽ ഒറ്റയാൾ പട്ടാളമായി ഇന്ത്യൻ ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ച കോഹ്‌ലിക്ക് പക്ഷെ തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കഴിഞ്ഞില്ല എന്നത് നിരാശയായി. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന താരത്തിന് റബാഡയുടെ പന്തിൽ പിഴയ്ക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒന്നാം വിക്കറ്റിൽ 31 റൺസ് മാത്രം എടുത്ത് നിൽക്കെ രാഹുലിനെ (12) വിക്കറ്റ് കീപ്പർ വെറൈയെന്നെയുടെ കൈകളിൽ എത്തിച്ച് ഡ്യുവാൻ ഒലിവിയറാണ് ഇന്ത്യക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടുപിന്നാലെ മായങ്ക് അഗർവാളിനെ (12) റബാഡ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ കൈകളിൽ എത്തിച്ചുകൊണ്ട് ഇന്ത്യക്ക് രണ്ടാം പ്രഹരവും നൽകി.

പിന്നീട് ക്രീസിലൊന്നിച്ച ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിക്കുകയായിരുന്നു. പതിവിന് വിപീരീതമായി കോഹ്ലി ക്ഷമയോടെ ബാറ്റ് വീശി നങ്കൂരമിട്ട് കളിച്ചപ്പോൾ പൂജാര സ്കോർ ഉയർത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ഇന്ത്യൻ സ്കോർ 95 ൽ നിൽക്കെ പൂജാര പുറത്തായി. 77 പന്തുകളിൽ നിന്നും നിന്ന് 43 റൺസെടുത്ത പൂജാരയെ മാർകോ യാൻസെൻ വിക്കറ്റ് കീപ്പർ വെറൈയെന്നെയുടെ കൈകളിൽ എത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ നൽകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയാണ് സഖ്യം പിരിഞ്ഞത്. പൂജാരയ്ക്ക് പിന്നാലെ വന്ന അജിങ്ക്യ രഹാനെക്ക് പക്ഷെ കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല. വെറും ഒമ്പത് റൺസ് മാത്രം നേടിയ താരം റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. ഇതോടെ 116 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു ഇന്ത്യ.

എന്നാൽ രഹാനെയ്ക്ക് പകരം കോഹ്‌ലിക്ക് കൂട്ടായി ക്രീസിൽ ഋഷഭ് പന്ത് എത്തിയതോടെ ഇന്ത്യൻ സ്കോർ വീണ്ടും മുന്നോട്ട് കുതിച്ചു. ഇതിനിടെ വിരാട് കോഹ്ലി ടെസ്റ്റിൽ തന്റെ 28-ാ൦ അർധസെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. കോഹ്ലി അർധസെഞ്ചുറി നേടിയതിന് പിന്നാലെ വീണ്ടുമൊരു അനാവശ്യ ഷോട്ട് കളിച്ച് പന്ത് പുറത്താവുന്നതാണ് കാണാൻ കഴിഞ്ഞത്. 27 റൺസ് നേടിയ താരത്തെ യാൻസെൻ കീഗൻ പീറ്റേഴ്സന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.കോഹ്‌ലിക്കൊപ്പം അഞ്ചാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് പന്ത് മടങ്ങിയത്.

പിന്നാലെ വന്ന അശ്വിന് പക്ഷെ പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസെടുത്ത താരത്തെ യാൻസെൻ തന്നെ മടക്കി. പിന്നാലെ വന്ന ഷാർദുൽ ഠാക്കൂർ തുടക്കം മിന്നിച്ചെങ്കിലും പെട്ടെന്ന് മടങ്ങി. പമ്പത് പന്തുകളിൽ 12 റൺസെടുത്ത താരത്തെ കേശവ് മഹാരാജ് പീറ്റേഴ്സണിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ജസ്പ്രിത ബുംറ (0) റബാഡയുടെ പന്തില്‍ ഡീന്‍ എല്‍ഗാറിന് ക്യാച്ച് നൽകി വന്ന പോലെ മടങ്ങുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് കോഹ്ലി ബാറ്റിംഗ് തുടരുകയായിരുന്നു. ഒടുവിൽ 79 റൺസിൽ നിൽക്കെ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് കോഹ്ലി മടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. പിന്നീട് പിന്നാലെ ഏഴുറണ്‍സെടുത്ത മുഹമ്മദ് ഷമിയെ പുറത്താക്കി എന്‍ഗിഡി ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് തിരശ്ശീല ഇടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ നാലും മാർകോ യാൻസെൻ മൂന്ന് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഡ്യുവാൻ ഒലിവിയർ, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ്,

What's Your Reaction?

like

dislike

love

funny

angry

sad

wow