ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അർഷദീപ് സിങ് എന്നിവരാണ് നെതർലൻഡ്സിനെ തകർത്തത്
ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 180 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഓറഞ്ച് പടയുടെ പോരാട്ടം 20 ഓവറിൽ ഒമ്പതിന് 123 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 56 റൺസ് വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ ജയം രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അർഷദീപ് സിങ് എന്നിവരാണ് നെതർലൻഡ്സിനെ തകർത്തത്. 20 റൺസെടുത്ത ടിം പ്രിംഗിളാണ് നെതർലൻഡ്സ് നിരയിലെ ടോപ് സ്കോറർ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ച്വറി നേടി. പാകിസ്ഥാനെതിരെ കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.
വൻ സ്കോർ പ്രതീക്ഷിച്ച് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ കെ എൽ രാഹുൽ ഒരിക്കൽകൂടി പരാജയപ്പെട്ടു. ഒമ്പത് റൺസെടുത്ത രാഹുലിനെ വാൻ മീകേരൻ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറുകയായിരുന്നു ഇരുവരും.
39 പന്തിൽ 53 റൺസെടുത്ത രോഹിതിനെ ക്ലാസൻ പുറത്താക്കി. നാല് ഫോറും മൂന്ന് സിക്സറും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമ്മയുടെ ഇന്നിംഗ്സ്. രോഹിതും കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ, 73 റൺസാണ് കൂട്ടിച്ചേർത്തത്. വിരാട് കോഹ്ലി 44 പന്തിൽ പുറത്താകാതെ 62 റൺസെടുത്തു.
തുടർന്ന് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർത്തടിച്ചതോടെയാണ് ഇന്ത്യ സാമാന്യം ഭേദപ്പെട്ട് സ്കോറിലേക്ക് എത്തിയത്. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസ് നേടി.
What's Your Reaction?