IPL 2023| പഞ്ചാബ് കിങ്സിനെ വീഴ്ത്തി രാജസ്ഥാൻ

May 20, 2023 - 11:22
May 20, 2023 - 11:23
 0
IPL 2023| പഞ്ചാബ് കിങ്സിനെ വീഴ്ത്തി  രാജസ്ഥാൻ

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ 4 വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ഇതോടെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്തും നാലു വിക്കറ്റും ബാക്കി നിൽക്കെ വിജയം നേടി. ഇനി മറ്റു ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ

തോൽവിയോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ 4 വിക്കറ്റ് വിജയം നേടിയെങ്കിലും രാജസ്ഥാൻ ഇപ്പോഴും നെറ്റ് റൺറേറ്റിൽ ആർസിബിക്ക് പിന്നിൽ അഞ്ചാമതാണ്. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. 

അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് 6 റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിലെത്താം. എന്നാൽ അവിടെകൊണ്ടും തീർന്നില്ല. പ്ലേ ഓഫിൽ കയറണമെങ്കിൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും നിർണായകമാകും. 

ജയിക്കാൻ 9 റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജുറൽ നാലു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ഇന്നിങ്സുകളാണ് രാജസഥാൻ വിജയത്തിൽ നിർണായകമായത്

പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു. ജയ്സ്വാൾ 36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തു. സ്കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ ബട്‍ലറിനെ നഷ്ടമായ രാജസ്ഥാന് രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 49 പന്തിൽ ഇരുവരും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 73 റൺസ്.

വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ (28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46 റൺസ്), റയാൻ പരാഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. അതേസമയം, രാജസ്ഥാൻ നിരയിൽ ഓപ്പണർ ജോസ് ബട്‍ലർ (0), ക്യാപ്റ്റൻ സഞ്ജു (2) എന്നിവർ നിരാശപ്പെടുത്തി. 

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത് 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ആറാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് സാം കറൻ- ഷാരൂഖ് ഖാൻ സഖ്യമാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 19ാം ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 28 റൺസാണ്. ഷാരൂഖ് 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow