കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ പരാതി; നടപടിയുമായി എംഡി ബിജു പ്രഭാകര്‍, വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

Jul 22, 2024 - 09:58
 0

തിരുവനന്തപുരം അയിരൂരിൽ കെഎസ്ഇബി ജീവനക്കാര്‍ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോടെ മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍ ഉത്തരവിട്ടത്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

ഇന്നലെയാണ് പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി വീണ്ടും കെഎസ്ഇബിയുടെ പ്രതികാര നടപടിയെന്ന് പരാതി ഉയര്‍ന്നത്. മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിനാണ് കുടുംബത്തെ ഇരുട്ടിലാക്കിയതെന്നാണ് ഉയരുന്ന പരാതി. തിരുവനന്തപുരം അയിരൂരിലാണ് കെഎസ്ഇബി വീണ്ടും നിയമം കയ്യിലെടുത്തത്. അയിരൂർ സ്വദേശി രാജീവാണ് പരാതിക്കാരൻ. അതിനിടെ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി കണക്ഷൻ പുനഃസ്ഥാപിച്ചിരുന്നു.

രാജീവന്‍റെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറയുകയായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ ഇതുവരെ വൈദ്യുതി തകരാർ പരിഹരിക്കാൻ ജീവനക്കാര്‍ തയ്യാറായില്ല. പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റന്‍റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. പിഞ്ചു കുട്ടികളടക്കം രാത്രിയിൽ ഇരുട്ടിൽ കഴിയേണ്ടിവന്നുവെന്നാണ് പരാതി. അതേസമയം, കുടുംബത്തിനെതിരെ കേസ് കൊടുത്തും പ്രതികാരം ചെയ്യുകയാണ് കെഎസ്ഇബി. മദ്യപിച്ച് എത്തിയതിന് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വീട്ടുടമയെ തെറി വിളിച്ചെന്നും എഫ്ഐആർ ഇട്ടിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് കെഎസ്ഇബി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്നാണ് കെഎസ്ഇബിയുടെ പരാതി. 

അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി രം​ഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി മീറ്റ‍ർ കത്തുന്നുവെന്ന് പരാതി ലഭിച്ചപ്പോള്‍ ഫീഡർ ഓഫ് ഓഫ് ചെയ്തിട്ടു പരാതി പറഞ്ഞ വീട്ടിലേക്ക് പോയ കേടാകുളം സെക്ഷനിലെ രണ്ട് ലൈൻമാൻമാരെ വളരെ മോശമായി ഭാഷയിൽ ചീത്ത വിളിക്കുകയും തിരികെ പോകാൻ സമ്മതിക്കാതെ തടഞ്ഞ് നിര്‍ത്തുകയും ചെയ്തുവെന്ന് കെഎസ്ഇബി പറയുന്നു. ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോൾ ജീവനക്കാര്‍ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന രീതിയില്‍ പരാതി കൊടുക്കുകയായിരുന്നു. എന്നാൽ ഇവരെ മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ഇവർ മദ്യപിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow