ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍
ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. നിര്‍ണായക മത്സരത്തില്‍ ഓസീസിനെ 24 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശം. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ ആയുള്ളു.
അര്‍ദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം 43 ബോളില്‍ നാല് സിക്‌സിന്റെയും ഒന്‍പത് ഫോറിന്റെയും അകമ്പടിയില്‍ 76 റണ്‍സെടുത്തു. മിച്ചെല്‍ മാര്‍ഷ് 28 ബോളില്‍ 37, ഗ്ലെന്‍ മാക്‌സ്വെല്‍ 12 ബോളില്‍ 20 റണ്‍സെടുത്തു.
വമ്പന്‍ ഷോട്ടുകളുമായി കളംനിറഞ്ഞ ഹെഡിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കി ഇന്ത്യയ്ക്ക് ജീവവായു സമ്മാനിച്ചത്. ബുംറയും അക്സര്‍ പട്ടേലും ഒരു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സെടുത്തത്. അര്‍ഹിച്ച സെഞ്ചുറിക്ക് എട്ടു റണ്‍സകലെ (92) പുറത്തായ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വെറും 41 പന്തില്‍ നിന്ന് എട്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു രോഹിത്തിന്റെ പ്രകടനം.
ഋഷഭ് പന്ത് 14 പന്തില്‍ നിന്ന് 15, സൂര്യകുമാര്‍ 16 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31, ശിവം ദുബെ 22 പന്തില്‍ 28, ഹാര്‍ദ്ദിക് പാണ്ഡ്യ 17 പന്തില്‍ നിന്ന് 27* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജോഷ് ഹേസെല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
What's Your Reaction?