കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് 12 കാര്യങ്ങൾ

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം

Aug 13, 2019 - 10:16
 0
കുടിവെള്ളത്തിന്റെ സുരക്ഷിത ഉപയോഗത്തിന് 12 കാര്യങ്ങൾ

1. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു . വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം

2. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗ്ഗമാണ്.

3. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . 
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുമ്പോൾ 
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂൺ/ തീപ്പെട്ടി കൂട് = 20-25 g B.P) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേമ്പിൾ സ്പൂൺ മതിയാകും . 
C. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.

4. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത) വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക.
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നും പുറത്തേക്കു പോകാൻ സഹായിക്കും .

5. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും .

6. വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .

7. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

8. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറഞ്ഞോളും .

9. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കുവാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കുവാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വെക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .

10. തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ കിണറുകൾ ആളുകളുടെ ശ്രദ്ധയെത്താത്ത ഇടങ്ങളിലായതിനാൽ ) മലമൂത്ര വിസർജ്ജനം നടത്താനുള്ള സാഹചര്യം വളരെ കൂടുതലാവാം . ഇത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ് . ശ്രദ്ധിക്കുക അസുഖങ്ങൾ പടർന്നു പിടിക്കാൻ വളരെ എളപ്പമാണ് .

11. കിണറിലെ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും ഭാവിയിലേക്കും ആരോഗ്യത്തിനും നല്ലത് . കലക്കു മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ "ആലം" പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുമ്പോൾ പല ആരോഗൃപ്രശ്നങ്ങൾക്കും കാരണമാകാം

12. കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഊറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ , (വെള്ളപൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടൺ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ , വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton) , തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ , മാർക്കെറ്റിൽ നിന്നും കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക.

What's Your Reaction?

like

dislike

love

funny

angry

sad

wow