ജനനം അഭയാർഥി ക്യാംപിൽ, ഇപ്പോൾ കോടികൾ മൂല്യം!
ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലുസിൽ ഒരു നെയ്മറെസ്ക്വു മൂവുമായി നെൽസൺ സെമെദോയെ അടിതെറ്റിച്ച് അൽഫോൺസോ ഡേവിസ് ബാർസിലോന ബോക്സിലേക്ക് ഡാൻസ് ചെയ്തു കയറിയപ്പോൾ ഒരു ഗോൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ.
ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലുസിൽ ഒരു നെയ്മറെസ്ക്വു മൂവുമായി നെൽസൺ സെമെദോയെ അടിതെറ്റിച്ച് അൽഫോൺസോ ഡേവിസ് ബാർസിലോന ബോക്സിലേക്ക് ഡാൻസ് ചെയ്തു കയറിയപ്പോൾ ഒരു ഗോൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ..? യെസ്! ബയൺ നിരയിൽ ഡേവീസിന്റെ വലതു പാർശ്വത്തിൽ കളിക്കുന്ന ജോഷ്വ കിമ്മിച്ച്. തന്റെ പ്രതിരോധപ്പങ്കാളി പരുവപ്പെടുത്തിയ പന്തിനെ ഒന്നു തൊട്ടു വിടേണ്ട ജോലിയേ കിമ്മിച്ചിനുണ്ടായിരുന്നുള്ളൂ. ആ ഓർഡിനറി ഗോളിനു പിന്നിലെ എക്സ്ട്രാ ഓർഡിനറി അസിസ്റ്റ് കണ്ടപ്പോൾ, ബയൺ മ്യൂണിക്ക് എന്നു കേൾക്കുമ്പോൾ ന്യൂയർ-മുള്ളർ-ലെവൻഡോവ്സ്കി എന്നു പൂരിപ്പിച്ചിരുന്നവർ ചോദിച്ചു കാണും, ആരാണീ താരം?
19 വയസ്സിനുള്ളിൽ അൽഫോൺസോ ഡേവിസ് മൂന്നു ഭൂഖണ്ഡങ്ങളിൽ ജീവിച്ചു കഴിഞ്ഞു. അല്ല, അതിജീവിച്ചു കഴിഞ്ഞു. ലൈബീരിയൻ ആഭ്യന്തരയുദ്ധത്തിലെ അഭയാർഥികൾക്കായി ഐക്യരാഷ്ട്ര സംഘടന ഘാനയിലെ ബുദുബുരാമിൽ സ്ഥാപിച്ച ക്യാംപിൽ ജനനം. അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം കാനഡയിലെ എഡ്മന്റനിലേക്ക് കുടിയേറ്റം. ഫ്രീ-ഫൂട്ടീ എന്ന സന്നദ്ധ സംഘടനയിൽ നിന്ന് ആദ്യത്തെ ഫുട്ബോൾ കിറ്റ്. സൗഭാഗ്യങ്ങളിലേക്കുള്ള പാസ്പോർട്ട് കൂടിയായിരുന്നു അത്.
പന്തു വാങ്ങാൻ പൈസയില്ലാതെ വളർന്ന അൽഫോൺസോയുടെ അപ്പോഴത്തെ മൂല്യം 165 കോടി രൂപ! അന്നത്തെ എംഎൽഎസ് ട്രാൻസ്ഫർ റെക്കോർഡ്!
ബയൺ മുടക്കിയ പണം വെറുതെയായില്ല. 2019-20 സീസണിൽ റൂക്കീ പ്ലെയർ ഓഫ് ദ് ലീഗ്! വെർഡർ ബ്രെമനെ തോൽപിച്ച് ബയൺ കിരീടമുറപ്പിച്ച മത്സരത്തിൽ 79-ാം മിനിറ്റിൽ കാർഡ് കണ്ട് പുറത്തായി. പക്ഷേ അതിനു മുൻപേ ബുന്ദസ്‌ലിഗയിൽ ക്ലോക്ക് ചെയ്ത ഏറ്റവും വേഗം സ്വന്തം പേരിൽ കുറിച്ചു- മണിക്കൂറിൽ 36.51 കിലോമീറ്റർ!
2017 ജൂൺ ആറിന് സിറ്റിസൺസിപ്പ് ടെസ്റ്റ് പാസായി കാനഡ പൗരനായി. അതേ ദിവസം തന്നെ കനേഡിയൻ ടീമിലേക്കു വിളിയെത്തി. 16-ാം വയസ്സിൽ കുറാക്കാവോയ്ക്കെതിരെ അരങ്ങേറ്റം. അടുത്ത വർഷം കോൺകകാഫ് ഗോൾഡ് കപ്പിലെ മികച്ച താരം. ലൈബീരിയയുടെയും ഘാനയുടെയും നഷ്ടം അങ്ങനെ കാനഡയുടെ നേട്ടമായി.
ഡേവിസിന് പന്ത് നൽകിയത് ഒരു കരിയർ മാത്രമല്ല- കൂട്ടുകാരിയെ കൂടിയാണ്! കനേഡിയൻ വനിതാ ഫുട്ബോൾ താരം ജോർഡിൻ പമേല ഹുയ്തെമ.. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സ്ട്രൈക്കർ..!
What's Your Reaction?