കൂലിപ്പണിക്കാരിയില്‍നിന്ന് സൂപ്പര്‍ സ്റ്റാറുകള്‍ പിന്തുടരുന്ന യൂട്യൂബ് സെന്‍സേഷനിലേക്ക്; ഗംഗവ്വയുടെ വിജയകഥ
തെലുങ്കാനയിലെ ഒരു സാധാരണ വീട്ടമ്മ എന്ന നിലയില്‍ നിന്ന് ഒരു യൂട്യൂബ് ചാനല്‍ താരമായി മാറിയ വിജയകഥയാണ് ഗംഗവ്വ മില്‍ക്രിയ്ക്ക് പറയാനുള്ളത്. വീട് നോക്കാതെ മദ്യ കഴിച്ച് പണം കളയുന്ന ഭര്‍ത്താവ്, ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ സഹിച്ച് മൂന്ന് മക്കളെ വളര്‍ത്താന്‍ രാപകല്‍ കൂലിപ്പണി ചെയ്ത് ജീവിച്ച ഗംഗവ്വ. എന്നാല്‍, ഇന്ന് കഥയാകെ മാറി. 15 ലക്ഷം പേര്‍ പിന്തുടരുന്ന മൈ വില്ലേജ് ഷോ എന്ന യൂട്യൂബ് ചാനലിന്റെ ഭാഗ്യതാരകമാണ് ഗംഗവ്വ.
ഗംഗവ്വയുടെ മരുമകനായ ശ്രീകാന്ത് ശ്രീറാമും അയാളുടെ കൂട്ടുകാരും ചേര്‍ന്നാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ഗംഗവ്വയുടെ ഗ്രാമമായ ലമ്പാടിപള്ളിയിലെ ആളുകളുടെ ജീവിതവും ഗ്രാമത്തിന്റെ ഭംഗിയുമൊക്കെ പകര്‍ത്തുകയായിരുന്നു മരുമകന്റെയും കൂട്ടുകാരുടെയും ലക്ഷ്യം. മരുമകന്റെ സംരഭത്തില്‍ അഭിനേതാവായി ഗംഗവ്വയും എത്തി. അഭിനയമാണെന്ന് തോന്നാത്ത പ്രകടനമായിരുന്നു അവരുടേത്. പെട്ടെന്ന് തന്നെ ഗംഗവ്വയുടെ ഡയലോഗുകളും കോമഡികളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായി.
ഗംഗവ്വയുടേത് അഭിനയമാണെന്ന് തോന്നാത്ത പ്രകടനമായിരുന്നു. അവരുടെ സ്‌ക്രീന്‍പ്രസന്‍സും കോമഡിയും എല്ലാം വൈറല്‍ വീഡിയോകളായി. ഗംഗവ്വ സമൂഹമാധ്യമങ്ങളുടെ താരമായി. ഭര്‍ത്താവിന്റെ മരണശേഷം മക്കളുടെ വിവാഹം നടത്താനും ജീവിതം കൂട്ടിമുട്ടിക്കാനും കഷ്ടപ്പെട്ട ഗംഗവ്വക്ക് ഇതൊരു ഉപജീവനമായി.
ചാനല്‍ തുടങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. നിരവധി തെലുങ്ക് ടെലിവിഷന്‍ സീരിയലുകളിലും ഗംഗവ്വ അഭിനയിച്ചു കഴിഞ്ഞു. 45,000 ഫോളോവേഴ്‌സുണ്ട് ഗംഗവ്വയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍. തെലുങ്ക് സൂപ്പര്‍താരങ്ങളായ മഹേഷ് ബാബുവും വിജയ് ദേവരുകൊണ്ടയും വരെ ഗംഗവ്വയെ കാണാനെത്തി.
നമുക്ക് നമ്മുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എന്തും സാധിക്കും. എനിക്ക് അഭിനയിക്കാന്‍ കഴിയും എന്ന് അവസരം വന്നപ്പോള്‍ ഞാന്‍ സ്വയം വിശ്വസിപ്പിക്കുകയാണ് ചെയ്തത്. ശ്രീറാമും സുഹൃത്തുക്കളും ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോള്‍ വെറും പാഴ്വേലയാണെന്നാണ് കരുതിയത്. എന്താണ് യൂട്യൂബ് എന്നുപോലും അറിയില്ലായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോഴാണ് ഒന്നും വെറുതെയല്ലെന്ന് പിടികിട്ടിയത്- ഗംഗവ്വ പറയുന്നു.
What's Your Reaction?