'പതിച്ചു കിട്ടിയ ഭൂമി ഇനി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം, ഭൂപതിവ് ഭേദഗതി ചട്ടങ്ങളായി'; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
മലയോര ജനതക്ക് ആശ്വാസമായി ഭൂപതിവ് ഭേദഗതി ചട്ടങ്ങളായി മുഖ്യമന്ത്രി പി[പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റം ക്രമപ്പെടുത്താൻ ചട്ടങ്ങളുണ്ടാക്കി. ജനപക്ഷത്ത് നിന്നുള്ള ഭേദഗതി നിർദ്ദേശം ആണിത്. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ചട്ട ഭേദഗതി മന്ത്രിസഭ പരിഗണിച്ചത്. പട്ടയ ഭൂമി വകമാറ്റിയുള്ള ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നും എല്ലാ വീടുകളും ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചിത സമയ പരിധി പാലിക്കാതെ ഭൂമി വിറ്റത് നിശ്ചിത ഫീസ് വാങ്ങി ക്രമീകരിക്കും. വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കി ഭൂമിയിൽ പട്ടയവ്യവസ്ഥ ബാധകമായിരിക്കും. ക്രമീകരണത്തിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പട്ടയഭൂമിയിലെ പൊതു- സർക്കാർ – വാണിജ്യ കെട്ടിടങ്ങൾക്ക് കോംപൗണ്ടിങ് ഫീ ഉണ്ടാവില്ല. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ അവയുടെ വലിപ്പം കൂടി കണക്കാക്കി ഫീസ് ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?