നായവളർത്തൽ കേന്ദ്രത്തിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
നായ വളർത്തൽ കേന്ദ്രത്തിൽനിന്ന് ആറര കിലോ കഞ്ചാവ് (Ganja Seized) പിടികൂടി. കോട്ടയം ജില്ലയിലെ തീക്കോയിയിലാണ് സംഭവം. നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് (Kerala Police) റെയ്ഡ് നടത്തിയത്. പരിശോധനയിൽ ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ സ്ഥലത്തെ ഒറ്റപ്പെട്ട വീട്ടിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു കഞ്ചാവ് സംഭരിച്ചിരുന്നതും വിൽപന നടത്തിയിരുന്നതുമെന്ന് പൊലീസ് പറയുന്നു. നായ വളർത്തൽ കേന്ദ്രം നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തിൽ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവർ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ജുവിനെയാണ് പൊലീസ് പിടികൂടിയത്.
റോഡിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി റബർ തോട്ടത്തിന് നടുവിലാണ് ചെറിയ വീടും നായ വളർത്തൽ കേന്ദ്രവും സ്ഥിതി ചെയ്തിരുന്നത്. കഴിഞ്ഞ കുറേ കാലമായി ഇവിടെ രാത്രികാലങ്ങളിൽ ഉൾപ്പടെ വാഹനങ്ങൾ വന്നുപോയത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം ചിലർ പൊലീസിന്‍റെ ശ്രദ്ധയിപ്പെടുത്തുകയും ചെയ്തു. മുന്തിയ ഇനം നായകളെ ഇവിടെ വളർത്തിയിരുന്നു. നായ വിൽപനയുടെ മറവിലാണ് കഞ്ചാവ് വിൽപന നടന്നത്.
ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ , ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അൽസേഷ്യൻ, ലാബ്രഡോർ അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു.
ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ പിടികുടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ ശരത്, ജോബി, അനീഷ് മോൻ, പ്രൊബേഷൻ എസ്‌ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണൻ നായർ , അനിൽകുമാർ , ഗ്രേഡ് എസ് ഐ. ബ്രഹ്മദാസ് , സോനു , അനീഷ് , രാജേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേലുകാവ് എസ് എച്ച് ഒ സജീവ് ചെറിയാൻ, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ. അജേഷ് എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി
What's Your Reaction?