Asia Cup 2025: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

India Wins Asia Cup 2025

Sep 29, 2025 - 11:16
 0
Asia Cup 2025: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്

2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്. തിലക് വർമ 53 പന്തിൽ 69* റൺസെടുത്ത് പുറത്താകാതെ നിന്നു.

ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. തുടക്കം ഒന്നു പതറിയ ഇന്ത്യയെ തിലകും സഞ്ജുവും ചേർന്ന് തകർച്ചയിൽനിന്ന് കരകയറ്റി. പിന്നീട് തിലകും ദുബെയും ചേർന്ന് വിജയത്തിലേക്ക് അടുപ്പിച്ചു. ഒടുക്കം റിങ്കു സിംഗിനൊപ്പം തിലക് വർമ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു.

പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ടൂർണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഓപ്പണർ ശുഭ്മാൻ ഗിൽ (12), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത്.

അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ തിലക് വർമയും സഞ്ജുവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ രക്ഷിച്ചത്.

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നിർണായകമായ 57 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. സഞ്ജു വീണതിന് പിന്നാലെ ദുബെയായി തിലകിന്റെ കയ്യാൾ. 19ാം ഓവറിലെ അവസാന ബോളിൽ ​ദുബെ പുറത്താകുമ്പോൾ വിജയത്തിന് 10 റൺസ് അകലെ ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്.

What's Your Reaction?

like

dislike

love

funny

angry

sad

wow