'പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി'; അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബിജെപി
'മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്'
മുൻ എംഎൽഎ പിസി ജോർജിനെ (PC George) വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് (Kerala Police) കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്‍റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണ്. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
What's Your Reaction?