സൗദിയിലെ ഏറ്റവും നീളം കൂടിയ റിംഗ് റോഡ് അൽഹസയിൽ
സൗദിയിലെ ഏറ്റവും നീളം കൂടിയ റിംഗ് റോഡ് ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രാലയം അൽഹസയിൽ ഉദ്ഘാടനം ചെയ്തു. ഈ റോഡിന്റെ നീളം 103 കിലോമീറ്ററാണ്. അൽഹസ റിംഗ് റോഡിൽ 26 പാലങ്ങളും 11 ഇന്റർസെക്ഷനുകളുമുണ്ട്. ആറു ഘട്ടങ്ങളായാണ് അൽഹസ റിംഗ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
ഹുഫൂഫ്-സൽവ റോഡിനെ ഹുഫൂഫ്-ബഖീഖ് റോഡുമായി ബന്ധിപ്പിച്ച് 47 കിലോമീറ്റർ നീളത്തിലാണ് റിംഗ് റോഡിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ 22 കിലോമീറ്റർ നീളത്തിൽ അൽഹസ റിംഗ് റോഡ് ഇരട്ടപ്പാതയാക്കി മാറ്റി. മൂന്നാം ഘട്ടത്തിൽ തെക്കു, കിഴക്ക്, വടക്കു ഭാഗത്ത് 15 കിലോമീറ്റർ നീളത്തിൽ റോഡുകളുടെ നിർമാണം പൂർത്തിയാക്കി. നാലാം ഘട്ടത്തിൽ കിഴക്കൻ പ്രവിശ്യയിൽ റിംഗ് റോഡിനോട് ചേർന്ന മറ്റു ചില റോഡുകളുടെ നിർമാണം പൂർത്തിയാക്കി. അഞ്ചാം ഘട്ടത്തിൽ തെക്കു, കിഴക്ക്, വടക്കു ഭാഗത്തെ റോഡുകളിൽ അനുബന്ധ ജോലികൾ പൂർത്തിയാക്കുകയും സർവീസ് റോഡുകൾ നിർമിക്കുകയും ചെയ്തു. ആറാം ഘട്ടത്തിൽ റിംഗ് റോഡിൽ വടക്കു, പടിഞ്ഞാറു ഭാഗത്ത് 29 കിലോമീറ്റർ നീളത്തിൽ റോഡ് നിർമിച്ചു.
ഉയർന്ന ഗുണമേന്മയും സുരക്ഷയും വിശ്വാസ്യതയുമുള്ള ഗതാഗത ചോയ്‌സുകൾ ലഭ്യമാക്കി ജീവിത ഗുണമേന്മ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസസ് തന്ത്രത്തിൽ ഉന്നമിടുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും റോഡുകളിൽ വാഹനാപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുടെ അനുപാതം കുറക്കുന്ന കാര്യത്തിൽ കഴിഞ്ഞ കാലത്ത് കൈവരിച്ച നേട്ടങ്ങൾ തുടരാനുമാണ് അൽഹസ റിംഗ് റോഡ് നിർമാണം മന്ത്രാലയം പൂർത്തിയാക്കിയത്. ആഗോള തലത്തിൽ റോഡുകളുടെ ഗുണമേന്മയിൽ സൗദി അറേബ്യയെ ആറാം സ്ഥാനത്തെത്തിക്കാൻ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസസ് തന്ത്രം ലക്ഷ്യമിടുന്നു.
What's Your Reaction?