എണ്ണ ഇറക്കുമതിയില്‍ റിലയന്‍സ് റഷ്യയുമായി കൈകോര്‍ക്കുന്നു; വ്യാപാരം പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ

May 29, 2024 - 11:24
 0
എണ്ണ ഇറക്കുമതിയില്‍ റിലയന്‍സ് റഷ്യയുമായി കൈകോര്‍ക്കുന്നു; വ്യാപാരം പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ

ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് റഷ്യയുമായി എണ്ണ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഒരു വര്‍ഷത്തേക്ക് വാങ്ങാനാണ് റിലയന്‍സ് ധാരണയായത്. എണ്ണ ഉത്പാദകരായ രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് റിലയന്‍സ് റഷ്യയുമായി കരാറിലേര്‍പ്പെട്ടത്.

ജൂണ്‍ രണ്ടിന് എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങളുടെ യോഗത്തിന് ശേഷമായിരിക്കും എണ്ണ വിതരണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലന്‍സ് ധാരണയുണ്ടാക്കിയത്. യുഎസ്സും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ റഷ്യയ്ക്ക് സാധ്യമല്ല.

ഇതേ തുടര്‍ന്ന് റിലയന്‍സ് ഉള്‍പ്പെടെ റഷ്യന്‍ കറന്‍സിയായ റൂബിളിലാവും ഇടപാടുകള്‍ നടത്തുക. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയെക്കാള്‍ മൂന്ന് ഡോളര്‍ ബാരലിന് കുറവാണ് റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക്. ഇന്ത്യന്‍ കമ്പനികളുമായി എണ്ണ ഉത്പാദനത്തിലും വ്യാപാരത്തിലും സഹകരിക്കുമെന്ന് റോസ്‌നെഫ്റ്റ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ റിലയന്‍സുമായി കരാറിലേര്‍പ്പെട്ടത് സംബന്ധിച്ച വിവരങ്ങളൊന്നും റോസ്‌നെഫ്റ്റ് പുറത്തുവിട്ടിട്ടില്ല. റിലയന്‍സും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow