പി വി അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടിസ്

പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും റിസോര്‍ട്ട് മാനേജര്‍ക്കും ഹൈക്കോടതി നോട്ടീസ്.

Oct 26, 2021 - 15:31
 0
പി വി അന്‍വറിന്റെ അനധികൃത തടയണകള്‍ പൊളിച്ചില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടിസ്

പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും റിസോര്‍ട്ട് മാനേജര്‍ക്കും  ഹൈക്കോടതി നോട്ടീസ്.

കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍  നടപടിയാവശ്യപ്പെട്ട് കേരള നദീസരംക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍. നഗരേഷ് 15 ദിവസത്തിനകം വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.
പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മ്മിച്ച നാലു തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണ കെട്ടിയവരില്‍ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടര്‍  ഡോ. നരസിംഹുഗാരി ടി.എല്‍ റെഡി കഴിഞ്ഞ ആഗസ്റ്റ് 30നാണ് ഉത്തരവിട്ടത്.

ഒരു മാസത്തെ സമയപരിധികഴിഞ്ഞിട്ടും കൂടരഞ്ഞി പഞ്ചായത്ത് തടയണപൊളിച്ചില്ല. തടയണപൊളിക്കേണ്ടതില്ലെന്ന സമീപവാസികളില്‍ ചിലരുടെ നിവേദനം കണക്കിലെടുത്ത് പൊളിക്കാതിരിക്കാനുള്ള പോംവഴിപഞ്ചായത്ത് അധികൃതര്‍ തേടുന്നതിനിടെയാണ് ടി.വി രാജന്‍ തടയണപൊളിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.  ഇതോടെ രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.  നിയമവിരുദ്ധമായി നിര്‍മ്മിച്ച  തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയ പരാതിയില്‍  രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍  കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട  ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന   സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.  നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ തടയണകള്‍ക്കു താഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.

പരാതികള്‍ ലഭിച്ച് രണ്ടര വര്‍ഷത്തോളം നിയമവിരുദ്ധമായി സംരക്ഷിച്ചശേഷമാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയുടെ ശിക്ഷാനടപടികള്‍വരുമെന്ന് ഉറപ്പായതോടെ കോഴിക്കോട് കളക്ടര്‍ പിവീആര്‍ നാച്വറോ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിട്ടും തടയണ പൂര്‍ണ്ണമായും പൊളിച്ചുനീക്കിയിട്ടില്ല. ഇതിനെതിരെ മലപ്പുറം കളക്ടര്‍ക്കെതിരായ മറ്റൊരു കോടതി അലക്ഷ്യഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow