ചരിത്രം പിറന്നു,പാപുവ ന്യൂ ഗിനി ലോകകപ്പിന്
ഓസ്ട്രേലിയൻ ഉപദ്വീപിൽ കാണപ്പെടുന്ന ചെറുമീനുകളാണ് ‘ബാരാമുണ്ടി’. അതേ വിളിപ്പേരുള്ള പാപുവ ന്യൂ ഗിനി എന്ന കുഞ്ഞൻ രാജ്യം ട്വന്റി20 ലോകകപ്പ് യോഗ്യതയോടെ ക്രിക്കറ്റിൽ പുതുചരിത്രം രചിച്ചു.
ഓസ്ട്രേലിയൻ ഉപദ്വീപിൽ കാണപ്പെടുന്ന ചെറുമീനുകളാണ് ‘ബാരാമുണ്ടി’. അതേ വിളിപ്പേരുള്ള പാപുവ ന്യൂ ഗിനി എന്ന കുഞ്ഞൻ രാജ്യം ട്വന്റി20 ലോകകപ്പ് യോഗ്യതയോടെ ക്രിക്കറ്റിൽ പുതുചരിത്രം രചിച്ചു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ, കെനിയയെ 45 റൺസിനു തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായാണ് പാപുവ ന്യൂ ഗിനി അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു യോഗ്യത നേടിയത്.
ചരിത്ര നിമിഷത്തിൽ, അവരുടെ ഓസ്ട്രേലിയക്കാരൻ കോച്ച് ജോ ഡോവ്സ് ആനന്ദകണ്ണീർ പൊഴിച്ചു.‘രണ്ടു വർഷത്തെ അധ്വാനമാണു ഫലം കണ്ടിരിക്കുന്നത്. ഈ കൊച്ചു രാജ്യത്തിന് ലോകകപ്പിനോളം തിളക്കമുള്ള നേട്ടമാണ് ഇത്. എന്റെ കളിക്കാരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബോളിങ് കോച്ച് കൂടിയായ ഡോവ്സ് പറഞ്ഞു. ആദ്യം ബാറ്റു ചെയ്ത പാപുവയ്ക്ക് 19 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ നോർമൻ വനുവ എന്ന ഓൾറൗണ്ടർ വാലറ്റത്തെ കൂട്ടുപിടിച്ചു നടത്തിയ പോരാട്ടം അവരെ 118 എന്ന സ്കോറിലെത്തിച്ചു.
വനുവ പുറത്താവാതെ 54 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 74 റൺസിനു പുറത്തായി. 19–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാരാണ് പാപുവ ന്യൂ ഗിനിയിൽ ക്രിക്കറ്റെത്തിച്ചത്. പ്രാദേശികമായി കളിച്ചിരുന്നെങ്കിലും പ്രഫഷനൽ തലത്തിൽ ക്രിക്കറ്റിനെ വേണ്ടത്ര വളർത്താൻ അവർക്കായില്ല. അയൽരാജ്യമായ ഓസ്ട്രേലിയയാണ് പാപുവ ന്യൂ ഗിനിക്ക് ക്രിക്കറ്റ് കളിക്കാനുള്ള സഹായങ്ങൾ ചെയ്യുന്നത്.
What's Your Reaction?